test del 1

പ്രതിരോധശേഷിക്കും ഉന്മേഷത്തിനും ഇനി ഒരൊറ്റ സർബത്ത് മതി! തയ്യാറാക്കേണ്ടത് ഇങ്ങനെ…

കാലാവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ജലദോഷം, ചുമ, പനി തുടങ്ങിയ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ ആളുകള്‍ക്ക് പിടിപെടുന്നു. ദുര്‍ബലമായ പ്രതിരോധശേഷി ഉള്ള ആളുകള്‍ക്ക് പെട്ടെന്ന് രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ എല്ലാവരും പ്രതിരോധശേഷി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതില്‍ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും ജ്യൂസുകളും കഴിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തും. ഇത്തരത്തിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു അത്ഭുതപാനീയമാണ് നെല്ലിക്ക സ‌ർബത്ത്. നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സിയും ആൻ്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഇത് കുടലിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അനുഗുണമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡന്റ് ഗുണങ്ങൾ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും.

കരള്‍, വൃക്ക എന്നിവയുടെ ആരോഗ്യത്തിനും ഈ നെല്ലിക്ക സർബത്ത് മികച്ചതാണ്. യാതൊരുവിധ കൃത്രിമ ചേരുവകളും ചേർക്കാതെ, ഇഞ്ചിയും നാരങ്ങയും ചേർത്ത് വീട്ടിൽ തന്നെ തയ്യാറാക്കാം. ദിവസേനയുള്ള ഭക്ഷണശീലങ്ങളിൽ ഉൾപ്പെടുത്താൻ പറ്റിയ ചർമ്മത്തിന് തിളക്കം നൽകാനും ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും സഹായിക്കുന്ന ഈ ഹെൽത്തി നെല്ലിക്ക സർബത്ത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ


നെല്ലിക്ക- 500ഗ്രാം
കല്ലുപ്പ്- 1 ടേബിൾസ്പൂൺ
നാരങ്ങ- 1
ഇഞ്ചി- ആവശ്യത്തിന്
പഞ്ചസാരപ്പൊടി- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നെല്ലിക്ക നന്നായി കഴുകി തുടച്ചെടുക്കാം. അവ കുരുകളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ശേഷം കുറച്ച് ഉപ്പ് കല്ല് പൊടിച്ചെടുത്തതും, ഒരു നാരങ്ങ പിഴഞ്ഞതും, ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്ത് അരച്ചെടുക്കാം. ഇത് ഒരു കോട്ടൺ തുണിയോ അരിപ്പയോ ഉപയോഗിച്ച് അരിച്ചെടുക്കാം.അരിച്ചെടുത്ത ജ്യൂസ് ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം.
കുടിക്കേണ്ടപ്പോൾ ഒരു ഗ്ലാസിൽ കുറച്ച് ഐസ്ക്യൂബിടാം. അതിലേയ്ക്ക് അൽപം പൊടിച്ച പഞ്ചസാര ചേർക്കാം. ശേഷം കുറച്ച് വെള്ളവും തയ്യാറാക്കി വച്ച നെല്ലിക്ക ജ്യൂസും ചേർത്തിളക്കി യോജിപ്പിക്കണം. ശേഷം കുടിക്കാം.

അതേസമയം,​ ഇത് അമിതമായി കുടിക്കുന്നത് അസിഡിറ്റിക്കോ അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാര കുറയുന്നതിനോ കാരണമാകും. അതിനാൽ ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുന്നതിനു മുമ്പ് ഒരു ആരോഗ്യ വിദഗ്ധന്റെ നിർദ്ദേശം തേടുന്നത് നല്ലതാണ്.


Source link

Back to top button