test del 3

ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം പൂർത്തിയാക്കാൻ എസ്ഐടിക്ക് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി


കൊച്ചി ∙ ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേകാന്വേഷണ സംഘത്തിന് രണ്ടാഴ്ച സമയം കൂടി അനുവദിച്ച് ഹൈക്കോടതി. എസ്ഐടി തലവൻ എസ്.ശശിധരൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചുകൊണ്ടും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ സ്വഭാവവും വ്യാപ്തിയും കണക്കിലെടുത്തുകൊണ്ടുമാണ് ഇതെന്ന് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വിജയകുമാർ എന്നിവരുടെ ദേവസ്വം ബഞ്ച് വ്യക്തമാക്കി. സ്വർണം പൂശലുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനയ്ക്കായി 36 സാമ്പിളുകൾ അയച്ചിട്ടുള്ള ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള വിശദമായ വിശകലന റിപ്പോർട്ട് ലഭിക്കാത്തതാണ് അന്വേഷണം നീളാൻ കാരണമെന്ന് എസ്ഐടി കോടതിയെ അറിയിച്ചു.നിലവിൽ 391 സാക്ഷികളെ ചോദ്യം ചെയ്യുകയും അവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തതായി എസ്ഐടി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി ചെന്നൈയിലെ അമ്പത്തൂരിലുള്ള സ്മാർട്ട് ക്രിയേഷൻസ്, ബംഗളൂരുവിലെ ശ്രീരാമപുര ക്ഷേത്രം, മഹാലക്ഷ്മി ലേഔട്ട് ക്ഷേത്രം, ജാലഹള്ളി ക്ഷേത്രം, ശൃംഗേരിയിലെ ആദിശങ്കരാചാര്യ സന്നിധി ക്ഷേത്രം എന്നിവിടങ്ങളിൽ വിശദമായ അന്വേഷണങ്ങളും പരിശോധനകളും നടത്തിയിട്ടുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെയും മൊബൈൽ ഫോണുകളുടെയും പരിശോധന നിലവിൽ പുരോഗമിച്ചുവരികയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.


Source link

Back to top button