ചാണ്ടി ഉമ്മനെ മന്ത്രിയാക്കാത്തതിന്റെ കാരണം അറിയില്ല, ജനഹിതം മനസിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് ഓർത്തഡോക്സ് സഭ

തിരുവനന്തപുരം : യു.ഡി.എഫ് സർക്കാരിൽ ചാണ്ടി ഉമ്മൻ മന്ത്രിയാകും എന്ന് പ്രതീക്ഷിച്ചിരുന്നെന്നും ജനഹിതം മനസിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ഓർത്തഡോക്സ് സഭ. ചാണ്ടി ഉമ്മനെ സഭാംഗമായി മാത്രം കാണേണ്ടതില്ല. അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ മകനാണ്. വ്യത്യസ്തമായ ശൈലിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി വൻഭൂരിപക്ഷം നേടിയെടുത്ത യുവനേതാവാണ്. ഏൽപ്പിച്ച ദൗത്യം ചാണ്ടി ഭംഗിയായി നിർവഹിച്ചു. മന്ത്രിയാക്കാത്തതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മാദ്ധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു. പൊതുജനങ്ങളും ഇക്കാര്യം ചോദിക്കുന്നുണ്ട്. നേതൃസ്ഥാനത്തേക്ക് വരുന്നവരുടെ യോഗ്യതകൾ
പരിഗണിക്കാൻ നേതൃത്വം ശ്രദ്ധിക്കണം. ചാണ്ടി മന്ത്രിയാകും എന്നത് വോട്ട് ചെയ്ത ജനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ജനഹിതം മനസിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Source link
NEWS


