test del 1

പല്ല് തേക്കാൻ ഉമിക്കരി ഉപയോഗിക്കുന്നവർ ഇതറിയാതെ പോകരുത്!

ജീവിതത്തിൽ പഴമ പിന്തുടരാൻ ഇഷ്ടപ്പെടുന്നവരാണ് ചിലരെങ്കിലും. നാടൻ ഭക്ഷണങ്ങൾ, വസ്ത്രങ്ങൾ, പഴയകാല ശൈലിയിലുള്ള വീടുകൾ എന്നിങ്ങനെ പണ്ടുള്ള ആളുകൾ എങ്ങനെയാണോ ജീവിച്ചിരുന്നത് അവയെല്ലാം ജീവിത്തിന്റെ ഭാ​ഗമാക്കാൻ ശ്രമിക്കുന്നവർ ഇപ്പോഴുമുണ്ട്. പലരേയും ആ പാത പിന്തുടരാനായി പ്രേരിപ്പിക്കുന്നതിന്റെ മുഖ്യ കാരണം അന്നത്തെ ആളുകൾ പൊതുവിൽ നല്ല ആരോ​ഗ്യവാന്മാരാണ് എന്നതാണ്.

അത്തരത്തിൽ ഇന്നും ഒട്ടുമിക്ക വീടുകളിലും സ്ഥാനമുള്ള ഒന്നാണ് ഉമിക്കരി. മാർക്കറ്റിൽ ഏതെല്ലാം തരത്തിലുള്ള ടൂത്ത് പേസ്റ്റും ടൂത്ത് ബ്രഷുകളും സുലഭമാണെങ്കിലും രാവിലെ പല്ലു തേക്കാനായി ഉമിക്കരി മാത്രം ഉപയോ​ഗിക്കുന്ന ആളുകൾ ഉണ്ട്. പേസ്റ്റുകളിൽ എല്ലാം കെമിക്കൽ ആണ് അത് ശരീരത്തിന് അത്ര ​ഗുണം ചെയ്യില്ല എന്നാണ് ഇതിന് കാരണമായി ഇവർ പറയാറുള്ളത്.

എന്നാൽ ഉമിക്കരി ഉപയോഗിക്കുന്നത് പല്ലിന് അത്രകണ്ട് ഗുണം ചെയ്യില്ലെന്നാണ് തിരുവനന്തപുരം ​ഗവ.ഡെന്റൽ കോളജിലെ ഓറൽ പത്തോളജി ആൻഡ് മൈക്രോബയോളജി വകുപ്പ് മേധാവിയായി വിരമിച്ച ഡോ. എസ് കെ പദ്മകുമാർ പറയുന്നത്. ഭക്ഷണം ചവച്ച് കഴിക്കുമ്പോൾ പല്ലുകൾക്ക് കാലക്രമേണ തേയ്മാനം സംഭവിക്കും, പ്രത്യേകിച്ചും പല്ലുകൾ തമ്മിൽ കൂട്ടിമുട്ടുന്ന ഇടങ്ങളിൽ. അതിനാൽ ഉമിക്കരി പോലുള്ള പരുപരുത്ത വസ്തുക്കൾ കൊണ്ട് പല്ല് തേക്കുന്നത് തെയ്മാനത്തിന് ആക്കം കൂട്ടുമെന്ന് ഡോക്ടർ പദ്മകുമാർ പറയുന്നു. പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവർ ഉമിക്കരി ആണെങ്കിലും പൽപ്പൊടി ആണെങ്കിലും നല്ല പൗഡർ രൂപത്തിൽ മാത്രം ഉപയോഗിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.

അതേസമയം, രാവിലെ പല്ലു തേക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമാണെന്ന സോഷ്യൽമീഡിയ പ്രചാരണത്തിലും അദ്ദേഹം പ്രതികരിച്ചു. ഉറങ്ങുമ്പോൾ നിങ്ങളുടെ വായിൽ ഉമിനീർ വറ്റുന്നത് മൂലം പല്ലുകൾക്കിടയിൽ ചില പ്രോട്ടീനുകളും കാർബൊഹൈഡ്രെറ്റ്സും തങ്ങി നിൽക്കാൻ ഇടയാക്കും. സ്വാഭാവികമായും അവിടെ ബാക്റ്റീരിയ വളരും. നമ്മുടെ ശരീരത്തിൽ പലവിധ സൂക്ഷ്മാണുക്കളുടെ സാന്നിദ്ധ്യമുണ്ട്. പക്ഷെ വായിലെ സൂക്ഷ്മാണുക്കൾ വ്യത്യസ്തമാണ്. ചിലത് രോഗകാരികളാണ്. അവ വയറ്റിനുള്ളിലെത്തിയാൽ രോഗങ്ങൾ ഉണ്ടാക്കാം. പ്രത്യേകിച്ചും രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന സമയമാണെങ്കിൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഡോക്ടർ എസ് കെ പദ്മകുമാർ വിശദീകരിച്ചു.


Source link

Back to top button