test del 3

കൊച്ചിയിലെ അവയവക്കച്ചവട മാഫിയ; എസ്ഐടി രൂപീകരിക്കാൻ പൊലീസ്


കൊച്ചി ∙ അവയവദാനത്തിന്റെ മറവിൽ വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിയ സംഭവത്തിൽ വിശദ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാൻ എറണാകുളം റൂറൽ പൊലീസ്. അവയവ കച്ചവടത്തിന്റെ സൂത്രധാരനും കേസിലെ മുഖ്യപ്രതിയുമായ കാസർകോട് സ്വദേശി മുഹമ്മദ് നജീബ് കല്ലട്ര നിലവിൽ ഒളിവിലാണ്. കേരളത്തിൽ നിന്ന് ഇയാൾ ‍ഡൽഹിയിലേക്ക് കടന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവിടെ നിന്ന് വിദേശത്തേക്ക് പോയോ എന്ന കാര്യവും അന്വേഷണത്തിലുണ്ട്. നിലവിൽ പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നജീബിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചു. കേസിന് അന്തർസംസ്ഥാന, രാജ്യാന്തര ബന്ധങ്ങളുണ്ടെന്നും പൊലീസ് സംശയിക്കുന്നു.കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ അവയവദാനത്തിനായി ചമച്ച വ്യാജരേഖകൾ പിടിച്ചെടുത്തിരുന്നു. ഡിടിപി, കംപ്യൂട്ടർ സെന്റർ നടത്തിയിരുന്ന 3 പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ വ്യാജരേഖാ ചമയ്ക്കലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നും ഈ രേഖകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി എത്രത്തോളം അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നുവെന്ന് കണ്ടെത്താൻ മെഡിക്കൽ തലത്തിലുള്ള പ്രത്യേക അന്വേഷണം ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. കുന്നത്തുനാട്, തടിയമ്പാട്, അമ്പലമേട് പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണമാണ് മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ നടന്ന വൻകിട അവയവക്കടത്ത് ശൃംഖലയെ പുറത്തുകൊണ്ടുവന്നത്. അയവയദാതാക്കൾ സ്വീകർത്താക്കളുടെ അടുത്ത ബന്ധുക്കളാണെന്ന് കാണിക്കാൻ വ്യാജ ആധാർ കാർഡുകൾ, തിരിച്ചറിയൽ രേഖകൾ, ശുപാർശ കത്തുകൾ, വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ ഇവർ നിർമിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിനായി എംപിമാർ, എംഎൽഎമാർ, ഡോക്ടർമാർ, ഉദ്യോഗസ്ഥർ, െപാലീസുകാർ തുടങ്ങിയവരുടെയെല്ലാം ലെറ്റർഹെഡുകളും സീലുകളും ഒപ്പുമെല്ലാം വ്യാജമായി നിർമിച്ചു. അവയവദാനം സ്വമേധയാ ഉള്ളതാണെന്നും പണമിടപാടുകൾ നടന്നിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തി എസ്പി, ഡിവൈഎസ്പി റാങ്കിലുള്ളവർ നൽകുന്ന, അവയവദാനത്തിന് നിർബന്ധമായ ‘അൾട്രൂയിസം സർട്ടിഫിക്കറ്റു’കളും ഇവർ വ്യാജമായി ഉണ്ടാക്കിയിരുന്നു. ഈ വ്യാജരേഖ ചമയ്ക്കലിനാണ് പള്ളിക്കരയിലെ സൺ കമ്യൂണിക്കേഷൻസ് ഉടമകളായ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ്, സൈൻ എച്ച്ഡി ഡിജിറ്റൽ സ്റ്റുഡിയോ ജീവനക്കാരൻ സനോജ് കെ.പി എന്നിവരെ അറസ്റ്റ് െചയ്തത്. ആസിഫ് എന്നൊരാളും പ്രതിപ്പട്ടികയിലുണ്ട്. െകാല്ലത്തും രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്.


Source link

Back to top button