test del 3
സ്വർണവില രണ്ടാം ദിവസവും ഇടിഞ്ഞു, ഇനി വിലക്കുറവിന്റെ നാളുകളോ? ഇറാൻ – യുഎസ് ചർച്ച വിജയിച്ചാൽ ‘സീൻ മാറുമോ’

സ്വർണവില സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. പവൻ വില 240 രൂപ ഇടിഞ്ഞ് 1,11,720 രൂപയിലും. ഇന്നലെയും സമാനമായ വിലയിടിവ് നേരിട്ടിരുന്നു. രാജ്യാന്തര വിപണിയിലെ വില മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. എന്നാൽ ഇറാൻ – യുഎസ് യുദ്ധം ക്രൂഡ് ഓയിൽ വില ഉയർത്തിയതോടെ പണപ്പെരുപ്പ ഭീഷണി ഉയരുകയും നിക്ഷേപകർ ബദൽ നിക്ഷേപങ്ങളിലേക്ക് തിരിയുകയും ചെയ്തതോടെ സ്വർണവില വലിയ ചാഞ്ചാട്ടത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാനും യുഎസും സമാധാന കരാറിലെത്തുമെന്ന വാർത്തകൾ വന്നതോടെ വില ഉയർന്നിരുന്നു. സമാധാന ശ്രമങ്ങൾക്ക് ഹോർമുസിലെ ഏറ്റുമുട്ടൽ വിഘാതമായതോടെ വില വിപരീത ദിശയിലായി. രാജ്യാന്തര വ്യാപാര േമഖലയിൽ ഇനിയും തടസങ്ങൾ നേരിട്ടേക്കുമെന്നാണ് നിക്ഷേപകർ കരുതുന്നത്. ഇത് പണപ്പെരുപ്പ ഭീഷണിയും സൃഷ്ടിച്ചിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ വർധിപ്പിക്കാനോ നിലവിലെ നിരക്ക് നിലനിർത്താനോ സാധ്യതയുണ്ട്. ഇത് സ്വർണത്തിന്റെ ഡിമാൻഡ് ഇടിക്കും. കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പവന് 1040 രൂപയുടെ വർധനയുണ്ടായി. തിങ്കളാഴ്ച പവന് 1,10,680 രൂപയായിരുന്നു വില. കൂടിയും കുറഞ്ഞും വില 1,11,720 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും കൂടിയ വിലയും രേഖപ്പെടുത്തിയതും ഈ ദിവസങ്ങളിൽ തന്നെ. കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം കേരളത്തിൽ ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,530 രൂപയിലെത്തി. ചില ജ്വല്ലറികളിൽ ഗ്രാമിന് 11,475 രൂപയ്ക്കും വിൽക്കുന്നുണ്ട്. ഗ്രാമിന് 275 രൂപയിലാണ് വെള്ളി വിൽപന.
Source link


