ലോഡ് ഷെഡ്ഡിംഗിൽ ജനങ്ങളുടെ പ്രതിഷേധം : ജീവന് സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥർ

കൊച്ചി: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗിനെതിരായ ജനങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജീവന് സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരാതി. ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് പൊലീസിൽ പരാതി നൽകിയത്. കറന്റ് പോകുന്നതിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനാൽ രാത്രി സമയത്ത് ജീവനക്കാരുടെയും ഓഫീസിൻ്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബോർഡ് അധികൃതർ ആലുവ സർക്കിൾ ഇൻസ്പെക്ടർക്ക് കത്ത് നൽകിയത്. സാങ്കേതിക പ്രശ്നങ്ങളാല്‍ വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടെന്നും തുടർന്ന് ജനങ്ങള്‍ ഓഫിസിലെത്തി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നുവെന്നും കത്തിൽ ജീവനക്കാർ വ്യക്തമാക്കുന്നുണ്ട്. വൈദ്യുതി മുടങ്ങിയതോടെ സംസ്ഥാനത്ത് പലയിടത്തും കെഎസ്ഇബി ഓഫിസുകളിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. തിങ്കളാഴ്ച രാത്രി പലതവണ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് തൃശൂർ എരുമപ്പെട്ടിയിലെ കെഎസ്ഇബി ഡിവിഷൻ ഓഫിസിൽ അർധരാത്രി നാട്ടുകാരുടെ വൻ പ്രതിഷേധമുണ്ടായിരുന്നു. രാത്രി 11 മണിയോടെ ആരംഭിച്ച പ്രതിഷേധവും വാഗ്വാദവും പുലർച്ചെ രണ്ടര വരെ തുടർന്നു. കോഴിക്കോട് പന്നിയങ്കര കെഎസ്ഇബി ഓഫിസിലും പ്രതിഷേധമുണ്ടായി. പുലര്‍ച്ചെ രണ്ടുമണിക്ക് പ്രതിഷേധവുമായി യൂത്ത് ലീഗ് എത്തുകയായിരുന്നു. നാദാപുരം സബ്സ്റ്റേഷനിലും പ്രതിഷേധമുണ്ടായി. മെഴുകുതിരി കത്തിച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
Source link


