സ്‌കൂട്ടറിനുള്ളിൽ ‘അതിഥി’യായി പെരുമ്പാമ്പ്; ചുരം റോഡിൽ യുവാവ് കുടുങ്ങിയത് മൂന്നര മണിക്കൂർ

കോഴിക്കോട്: വയനാട് ചുരത്തിലൂടെ രാത്രിയിൽ യാത്രചെയ്യവെ യുവാവിന്റെ സ്‌കൂട്ടറിനുള്ളിൽ പെരുമ്പാമ്പ് കയറിക്കൂടി. തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശി നൗഫൽ മണക്കാട്ടുപൊയിലിന്റെ സ്‌ക്കൂട്ടറിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഇതേ തുടർന്ന് മൂന്നര മണിക്കൂറോളം നൗഫൽ നടുറോഡിൽ കുടുങ്ങിക്കിടന്നു. ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.
തൊട്ടിൽപ്പാലത്തുനിന്ന് വയനാട് തരുവണയിലുള്ള ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു നൗഫൽ. ചുരം വ്യൂപോയിന്റിന് സമീപമെത്തിയപ്പോൾ പാമ്പ് റോഡ് മുറിച്ചുകടക്കുന്നത് കണ്ട നൗഫൽ പൊടുന്നനെ വെപ്രാളപ്പെട്ട് ബ്രേക്കിട്ടു. ഇതോടെ വണ്ടി മറിഞ്ഞ് നൗഫലിന് പരിക്കേറ്റു. എന്നാൽ വീണിടത്തുനിന്ന് എഴുന്നേറ്റ് സ്‌കൂട്ടർ മാറ്റാൻ ശ്രമിച്ചപ്പോഴാണ് ആ കാഴ്ച കണ്ട് നൗഫൽ ഞെട്ടിയത്. റോഡിലുണ്ടായിരുന്ന പാമ്പ് ഇഴഞ്ഞ് സ്‌കൂട്ടറിന്റെ ബോഡിക്കുള്ളിലേക്ക് കയറുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ പാമ്പ് പിടുത്തക്കാരനെ വിളിച്ചുവരുത്തിയെങ്കിലും പാമ്പ് സ്‌കൂട്ടറിന്റെ ബോഡിക്കുള്ളിൽ അപ്രത്യക്ഷമായിരുന്നു. ഏറെ പരിശ്രമിച്ചിട്ടും പാമ്പിനെ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ ചേർന്ന് സ്‌കൂട്ടറിന്റെ ബോഡി ഓരോ ഭാഗമായി അഴിച്ചുമാറ്റാൻ തീരുമാനിച്ചു. ഒടുവിൽ ബോഡിയെല്ലാം അഴിച്ച് പാമ്പിനെ പിടികൂടി. അർദ്ധരാത്രി ഒരു മണിയോടെ പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്ത ശേഷമായിരുന്നു നൗഫലിന് യാത്ര തുടരാനായത്. കുറ്റ്യാടി പാറക്കടവിൽ ചിക്കൻ സ്റ്റാൾ ജീവനക്കാരനാണ് നൗഫൽ.
Source link


