test del 2
ഹോർമുസിൽ ചരക്കുക്കപ്പലിന് നേരേ ഇറാന്റെ ആക്രമണം; ഗൺബോട്ടുകളിൽനിന്ന് വെടിയുതിർത്ത് ഐആർജിസി

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും ചരക്കുക്കപ്പലിന് നേരേ ഇറാന്റെ ആക്രമണം. ബുധനാഴ്ചയാണ് ഹോർമുസ് കടലിടുക്കിൽ ചരക്കുക്കപ്പലിന് നേരേ ഇറാന്റെ സായുധവിഭാഗമായ ഐആർജിസി വെടിയുതിർത്തത്. വെടിവെപ്പിൽ കപ്പലിന് കേടുപാടുണ്ടായെങ്കിലും ആളപായമോ മറ്റുനാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.ഇറാന്റെ ഗൺബോട്ടുകളിൽനിന്നാണ് കപ്പലിന് നേരേ വെടിവെപ്പുണ്ടായതെന്നാണ് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചത്. യാതൊരുവിധത്തിലുമുള്ള മുന്നറിയിപ്പോ ആശയവിനിമയമോ ഇല്ലാതെയാണ് ഗൺബോട്ടുകളിൽനിന്ന് വെടിയുതിർത്തതെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കി. അതേസമയം, ഏതുരാജ്യത്തിന്റെ കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ ഇറാനും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹോർമുസിൽ കപ്പലിന് നേരേ ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്. അതേസമയം, ഹോർമുസിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.ദിവസങ്ങൾക്ക് മുൻപ് ഹോർമുസ് കടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരേ ഇറാൻ സേന വെടിയുതിർത്തിരുന്നു. ഈ സംഭവത്തിൽ ഇന്ത്യ ഇറാനെ ശക്തമായ പ്രതിഷേധമറിയിക്കുകയുംചെയ്തു. ഇതിനുപിന്നാലെ യുഎസിന്റെ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതായി ഡൊണാൾഡ് ട്രംപും അവകാശപ്പെട്ടു. യുഎസ് തങ്ങളുടെ കപ്പൽ പിടിച്ചെടുത്തത് കടൽക്കൊള്ളയാണെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതിന് കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ പ്രതികരിച്ചിരുന്നു.
Source link


