CINEMA

‘സങ്കടവും ദേഷ്യവും  തോന്നും, എനിക്കൊരു മകളുണ്ടെന്ന കാര്യം അവർ മറക്കുന്നു’; രണ്ടാം വിവാഹത്തെക്കുറിച്ച് മീന

തൊണ്ണൂറുകളിൽ തമിഴ്-മലയാളം സിനിമാ ലോകം ഒരുപോലെ ആഘോഷിച്ച നടിയാണ് മീന. രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങി തെന്നിന്ത്യയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും മീന തിളങ്ങി. കഴിഞ്ഞ വർഷമാണ് നടിയുടെ ഭർത്താവ് മരിച്ചത്. ഇതിനു പിന്നാലെ താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ഉയർന്നിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകൾക്കെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി മീന.

ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് മീന തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരിച്ചത്. ‘എന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ആളുകൾ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഒട്ടും അംഗീകരിക്കാനാവില്ല. എനിക്കൊരു മകളുണ്ടെന്ന കാര്യം ഇത്തരം വാർത്തകൾ പടച്ചു വിടുന്നവർ മറന്നുപോകുന്നു. അവളും ഇതെല്ലാം കാണുന്നുണ്ടെന്ന് അവർ ഓർക്കുന്നില്ല.

ഇപ്പോൾ എല്ലാവരെയും ഞാൻ വെറുതെവിടുന്നു.എന്റെ ക്ഷമ നശിക്കുന്നത് എപ്പോഴാണെന്ന് പറയാൻ കഴിയില്ല. ഞാനൊരു നടിയും സ്ത്രീയും ആയതുകൊണ്ട് എന്തുവേണമെങ്കിലും എഴുതാമെന്നാണ് ചിലർ കരുതുന്നത്. ഇത്തരം വാർത്തകൾ കാണുമ്പോൾ സങ്കടവും ദേഷ്യവും തോന്നും. വാർത്തകളിൽ അല്പമെങ്കിലും സത്യമുണ്ടെങ്കിൽ കുഴപ്പമില്ലായിരുന്നു. സ്വന്തം കണ്ണുകൊണ്ട് കണ്ടപോലെ കാര്യങ്ങൾ എഴുതിപ്പിടിപ്പിക്കുന്നവരോട് പുച്ഛമാണ് തോന്നുന്നത്.

ഞാൻ വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരാളാണ്. സന്തോഷത്തോടെ ഇരിക്കാനാണ് എനിക്കിഷ്ടം. അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി മനസ് മടുപ്പിക്കാൻ ഞാൻ തയ്യാറല്ല. ഇപ്പോൾ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. എന്റെ ചുറ്റുമുള്ളവർ ചെയ്ത തെറ്റുകൾക്ക് അവർ അനുഭവിച്ചത് നേരിൽ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നവരെ കർമ്മം വെറുതെ വിടില്ല,’ താരം പറഞ്ഞു. വിവാഹത്തെക്കുറിച്ച് തന്റെ അഭിപ്രായമാണ് ചോദിച്ചറിയേണ്ടതെന്നും എന്നാൽ തന്നോട് ചോദിക്കാതെ എല്ലാവരും തന്റെ കല്യാണം നടത്താൻ മത്സരിക്കുകയാണെന്നും മീന കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button