100 കോടി സ്വത്തുണ്ടായിട്ടും യാത്ര ഓട്ടോറിക്ഷയിൽ; ശ്രദ്ധേയമായി കോടീശ്വരന്റെ ലളിതജീവിതം

മുംബയ് : നൂറു കോടി രൂപയുടെ സ്വത്തുണ്ടായിട്ടും ആഡംബരങ്ങളില്ലാത്ത ജീവിതം നയിക്കുന്ന യുവ സംരംഭകനെക്കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ‘നാച്ചുറലി യുവേഴ്സ്’ സ്ഥാപകൻ വിനോദ് ചെന്തിൽ എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സുഹൃത്തായ കോടീശ്വരന്റെ വിശേഷങ്ങൾ ശ്രദ്ധേയമായത്.
സാധാരണ വരുമാനം കൂടുമ്പോൾ വീടും വാഹനവും ജീവിത രീതിയൊക്കെ പരിഷ്കരിക്കുന്നത് പതിവാണ്. എന്നാൽ തന്റെ സുഹൃത്ത് ഇക്കാര്യത്തിൽ നേർ വിപരീതമായാണ് ജീവിക്കുന്നതെന്ന് വിനോദ് പറയുന്നു. മുംബയിൽ എത്തിയാൽ ഇന്നും അദ്ദേഹം ഓട്ടോറിക്ഷയെയാണ് ആശ്രയിക്കുക. സാദ്ധ്യമാകുന്ന ഇടങ്ങളിലൊക്കെ ഷെയർ ടാക്സി ഉപയോഗിക്കും. ആഡംബര ഹോട്ടലുകൾ ഒഴിവാക്കി ചീപ്പ് റേറ്റിലുള്ള സാധാരണമായ ഇടങ്ങളിലാണ് താമസം. ഇതുവരെ വിലകൂടിയ വാഹനങ്ങൾ ഒന്നും തന്നെ വാങ്ങിയിട്ടേയില്ല. പണം കുമിഞ്ഞ് കൂടിയപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായ ഏക മാറ്റം കുടുംബവുമൊത്ത് കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്നു എന്നതാണെന്ന് വിനോദ് കുറിച്ചു.
സംരംഭകനായ രവി ഹാൻഡ സ്വത്തുക്കളും ജീവിശൈലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ നിരീക്ഷണത്തിന് മറുപടിയായാണ് വിനോദ് സുഹൃത്തിന്റെ ജീവിത രീതി പങ്കുവച്ചത്. 10 കോടി ആസ്തിയുള്ള രവിയുടെ ജീവിതം സുഖകരമാണെന്നും എന്നാൽ അത് 50 കോടിയായാൽ തന്റെ ജീവിതശൈലിയിൽ വീണ്ടും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നുമാണ് രവി കുറിച്ചത്. ഇതിനെ തിരുത്തിക്കൊണ്ടാണ് 100 കോടി ആസ്തിയുള്ള സുഹൃത്തിന്റെ ലളിതമായ ജീവിതം വിനോദ് ചൂണ്ടിക്കാട്ടിയത്.
സമ്പത്ത് എന്നാൽ ആഡംബരമല്ല, മറിച്ച് ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യവും സമയവും കണ്ടെത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം. സാമ്പത്തിക വിജയം കൈവരിച്ചാൽ അത് ആഡംബരങ്ങളിലൂടെ പ്രദർശിപ്പിക്കേണ്ടതില്ലെന്നും സംരംഭകന്റെ ജീവിതത്തിലൂടെ പഠിക്കേണ്ടതാണെന്ന് പലരും അഭിപ്രായപ്പെട്ടു.
Source link


