LATEST

വളരെക്കാലം ഇന്ത്യ അടക്കിവാണിരുന്ന മേഖലയിൽ ആധിപത്യം സ്ഥാപിച്ച് ചൈന; എന്തുകൊണ്ട് അയൽരാജ്യങ്ങൾ അകലുന്നു?

കാഠ്‌മണ്ഡു: ബാങ്ക് നോട്ടുകൾ അച്ചടിക്കാൻ പണ്ടുകാലം മുതൽ ഇന്ത്യയെ ആശ്രയിച്ചിരുന്ന രാജ്യമാണ് നേപ്പാൾ. എന്നാൽ 2015നുശേഷം ഇതിനായി നേപ്പാൾ ചൈനയെ സമീപിക്കാൻ തുടങ്ങി. നേപ്പാളിനുപുറമെ ഇന്ത്യയുടെ പല അയൽരാജ്യങ്ങളും കറൻസി നോട്ടുകൾ അച്ചടിക്കാൻ ചൈനയുടെ അടുത്തെത്തി. ഇതിന് പിന്നിലെ കാരണമെന്തായിരിക്കും?

1945 മുതൽ 1955വരെ ഇന്ത്യയിലെ നാസിക്കിലെ പ്രസിലാണ് നേപ്പാളിന്റെ കറൻസി നോട്ടുകൾ അച്ചടിച്ചിരുന്നത്. പിന്നീട് നേപ്പാൾ മറ്റ് രാജ്യങ്ങളെയും ആശ്രയിച്ച് തുടങ്ങി. എന്നിരുന്നാലും 2015വരെയും ഇന്ത്യയിൽ അച്ചടിക്കുന്നത് തുടർന്നിരുന്നു. എന്നാലിപ്പോൾ നേപ്പാളിന്റെ നോട്ടുകൾ പൂർണമായും അച്ചടിക്കുന്നത് ചൈനയിൽ തന്നെയാണ്.

സാമ്പത്തിക, രാഷ്‌ട്രീയ പ്രേരിതമായ കാരണങ്ങളാലാണ് നേപ്പാൾ ഇന്ത്യയെവിട്ട് ചൈനയെ ആശ്രയിക്കാൻ തുടങ്ങിയത്. ആഗോള ടെൻ‌ഡറിൽ ഏറ്റവും കുറവ് ലേലത്തുക ചൈനയുടേതാണ് എന്നതും നേപ്പാളിനെ ആകർഷിച്ചു. മാത്രമല്ല, നൂതനമായ സാങ്കേതിക വിദ്യയും ചൈനയുടെ പക്കലുണ്ടായിരുന്നു. നേപ്പാളിന്റെ പുതിയ കറൻസി നോട്ടിൽ ഇന്ത്യയുമായുള്ള തർക്ക പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പരിഷ്കരിച്ച ഭൂപടവും ഉൾപ്പെടുന്നു എന്നതായിരുന്നു മറ്റൊരു കാരണം. ലിപുലേഖ്, ലിംപിയാദുര, കാലാപാനി തുടങ്ങിയ തർക്കപ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായാണ് പുതിയ കറൻസി നോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കാരണങ്ങളാൽ നോട്ടുകൾ അച്ചടിക്കുന്നതിൽ ഇന്ത്യ വിമുഖത കാട്ടിയതോടെയാണ് നേപ്പാളിന് മറ്റ് രാജ്യങ്ങളുടെ സഹായം തേടേണ്ടി വന്നത്. ഈ സമയത്താണ് കുറവ് അച്ചടി ചെലവും നൂതന സാങ്കേതിക വിദ്യയുമായി ചൈന പ്രത്യക്ഷപ്പെട്ടത്.

ഏഷ്യയിൽ കറൻസി നോട്ടുകൾ അച്ചടിക്കുന്നതിന്റെ പ്രധാന ഹബ്ബായി മാറിയിരിക്കുകയാണ് ചൈന. ബംഗ്ളാദേശ്, ശ്രീലങ്ക, മലേഷ്യ, തായ്‌ലൻഡ്, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും ചൈനയിലാണ് നോട്ടുകൾ അച്ചടിക്കുന്നത്. ചൈനീസ് സർക്കാർ കമ്പനിയായ ചൈന ബാങ്ക്നോട്ട് പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ (സിബിപിഎംസി) ആണ് നിലവിൽ നേപ്പാളിന്റെ കറൻസി അച്ചടിക്കുന്നത്. അടുത്തിടെ, നേപ്പാൾ രാഷ്ട്ര ബാങ്ക് സിബിപിഎംസിക്ക് 1000 രൂപയുടെ 430 ദശലക്ഷം നോട്ടുകൾ രൂപകൽപ്പന ചെയ്ത് അച്ചടിക്കാനുള്ള കരാർ നൽകിയിരുന്നു. ഏകദേശം 16.985 ദശലക്ഷം ഡോളർ വിലമതിക്കുന്ന പദ്ധതിയാണിത്.

മികച്ച സുരക്ഷാ സവിശേഷതകളും അച്ചടി ഗുണനിലവാരവും വാഗ്ദാനം ചെയ്യുന്ന സാങ്കേതികവിദ്യയാണ് ചൈനയെ ഈ മേഖലയിൽ മുൻപന്തിയിൽ എത്തിച്ചത്. വാട്ടർമാർക്കുകൾ, ഹോളോഗ്രാഫിക് സവിശേഷതകൾ, സുരക്ഷാ ത്രെഡുകൾ, കളർ-ഷിഫ്റ്റിംഗ് ഇങ്ക് തുടങ്ങിയ ആധുനിക സുരക്ഷാ സാങ്കേതികവിദ്യകൾ സിബിപിഎംസി ഉപയോഗിക്കുന്നു. വ്യാജ നോട്ടുകൾ തടയുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി കമ്പനി ‘കളർഡാൻസ്’ എന്ന പുതിയ ഹോളോഗ്രാഫിക് സവിശേഷതയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

‘ചൈനയുടെ മിന്റ്’ എന്നറിയപ്പെടുന്ന ചൈന ബാങ്ക്നോട്ട് പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ 1948ലാണ് സ്ഥാപിതമായത്. സിബിപിഎംസിയുടെ ആയിരക്കണക്കിന് പ്രിന്റിംഗ് പ്രസുകളാണ് രാജ്യത്തുടനീളം പ്രവർത്തിപ്പിക്കുന്നത്. ഡിസൈനർമാർ, എഞ്ചിനീയർമാർ, ടെക്നീഷ്യൻമാർ, ഗുണനിലവാര നിയന്ത്രണ വിദഗ്ദ്ധർ, സുരക്ഷാ ജീവനക്കാർ എന്നിവരുൾപ്പെടെ ഏകദേശം 40,000 വരെ തൊഴിലാളികളാണ് ഇവിടെയുള്ളത്.

ബ്രിട്ടീഷ് കമ്പനിയായ ഡി ലാ റൂവിന്റെ ബാങ്ക് നോട്ട് പ്രിന്റിംഗ് ബിസിനസ് സ്വന്തമാക്കിയതോടെയാണ് സിബിപിഎംസി ലോകത്തിലെ മുൻനിര കറൻസി അച്ചടി കേന്ദ്രമായി മാറിയത്. ഡി ലാ റൂ ഒരുകാലത്ത് ഏറ്റവും വലിയ വാണിജ്യ ബാങ്ക് നോട്ട് അച്ചടി കേന്ദ്രമായിരുന്നു. ബ്രിട്ടീഷ് പൗണ്ട് ഉൾപ്പെടെ ഏകദേശം 140 രാജ്യങ്ങൾക്കാണ് കറൻസി നോട്ടുകൾ നിർമിച്ചിരുന്നത്.

സിബിപിഎംസി ഡി ലാ റ്യൂവിനെ പൂർണമായും സ്വന്തമാക്കിയിരുന്നില്ല. എന്നിരുന്നാലും അനുബന്ധ സ്ഥാപനമായ പ്രിന്റിംഗ് കമ്പനിയെ ഏകദേശം 20 മില്യൺ പൗണ്ടിന് (ഏകദേശം 200 കോടി രൂപ) ചൈന സ്വന്തമാക്കി. ഡി ലാ റ്യൂവിന്റെ യുകെ ആസ്ഥാനമായുള്ള സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ഡിസൈനുകൾ, ക്ലയിന്റുകൾ എന്നിവ ഈ ഇടപാടിൽ ഉൾപ്പെടുന്നു.

ഈ കറാറിലൂടെ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വികസിത, വികസ്വര രാജ്യങ്ങളിലേക്ക് സിബിപിഎംസി തങ്ങളുടെ വ്യാപ്തി വികസിപ്പിച്ചു. ഇത് കമ്പനിയുടെ ആഗോള വിപണി വിഹിതം ഇരട്ടിയാക്കി. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ വളരെക്കാലമായി വിശ്വസിച്ചിരുന്ന ഒരു ബ്രാൻഡിന്റെ നിയന്ത്രണം അതോടെ ചൈനയുടെ കൈകളിലെത്തുകയായിരുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button