test del 2
മുഖംമൂടിയണിഞ്ഞ് സൈനികർ, ചടുലനീക്കം; ഹോർമുസിൽ കപ്പൽ പിടിച്ചെടുക്കുന്ന വീഡിയോ പുറത്തുവിട്ട് IRGC

ടെഹ്‌റാൻ: ബുധനാഴ്ച ഹോർമുസ് കടലിടുക്ക് വഴി പുറത്തുകടക്കാൻ ശ്രമിച്ച രണ്ട് കണ്ടെയ്‌നർ കപ്പലുകൾ ഇറാൻ പിടിച്ചെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ-യുഎസ് യുദ്ധം ഫെബ്രുവരിയിൽ ആരംഭിച്ചതിന് ശേഷം ഇറാൻ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യനടപടിയാണിത്. കപ്പലിൽ സൈനികർ കയറി പിടിച്ചെടുക്കുന്നതിന്റെ വീഡിയോ വ്യാഴാഴ്ച ഇറാനിയൻ ഭരണകൂടം പുറത്തുവിട്ടു. സ്റ്റേറ്റ് അഫിലിയേറ്റഡ് മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് ആണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ പുറത്തുവന്നതിന് ശേഷം, രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ(IRGC) അവകാശപ്പെട്ടു. രണ്ട് കപ്പലുകളും പിടിച്ചെടുത്തതിന് ശേഷം ഇറാനിയൻ തീരത്തേക്ക് തിരിച്ചതായും ഐആർജിസി അവകാശപ്പെട്ടു.വ്യാഴാഴ്ച പുലർച്ചെ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേക്ഷണം ചെയ്ത ഒരു വീഡിയോയിൽ, മുഖംമൂടിയണിഞ്ഞ സായുധ സംഘം രണ്ട് കണ്ടെയ്‌നർ കപ്പലുകളിൽ പ്രവേശിക്കുന്നതായി കാണാം. എംഎസ്‌സി-ഫ്രാൻസെസ്ക, എപമിനോഡെസ് എന്നിവയാണ് ഈ കപ്പലുകൾ. പിന്നീട് ഇറാനിയൻ സൈനികർ കപ്പലിന്റെ ഡെക്ക് നിയന്ത്രണത്തിലാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവികസേന കടലിടുക്കിലെ ക്രമസമാധാനത്തിനും സുരക്ഷയ്ക്കും ഭംഗം വരുത്തുന്ന ഏത് നടപടിയെയും ഇറാനെതിരായ നീക്കമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായി ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.അംഗീകാരമില്ലാതെയാണ് കപ്പലുകൾ സഞ്ചരിക്കുന്നതെന്നും നാവിഗേഷൻ സംവിധാനങ്ങളിൽ കൃത്രിമം കാണിച്ചെന്നും ഐആർജിസി വീഡിയോയിൽ ആരോപിച്ചു. ആവശ്യമായ അംഗീകാരമില്ലാതെയാണ് എംഎസ്‌സി ഫ്രാൻസെസ്കയും ലൈബീരിയൻ പതാകയുള്ള എപമിനോഡസും പ്രവർത്തിച്ചതെന്നും ഐആർജിസി ആരോപിച്ചു. ഗ്രീക്ക് നിയന്ത്രണത്തിലുള്ള എപമിനോഡസിനെതിരെ ഒമാന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെവെച്ച് വെടിവെപ്പ് നടന്നതായി റിപ്പോർട്ട് പുറത്തുവന്നു. പീരങ്കിപ്പടയിൽ നിന്ന് വെടിയുണ്ടകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും ഏറ്റതിനെത്തുടർന്ന് കപ്പലിന് കേടുപാടുകൾ സംഭവിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.പനാമ പതാകയുള്ള എംഎസ്‌സി ഫ്രാൻസെസ്ക ഇറാനിൽ നിന്ന് ഏകദേശം എട്ട് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്തുവെച്ച് വെടിയേറ്റു, പക്ഷേ സാരമായ കേടുപാടുകളുണ്ടായിട്ടില്ല. ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. ലൈബീരിയൻ പതാകയുള്ള മൂന്നാമത്തെ കപ്പലായ യൂഫോറിയയും സമാനമായ പ്രദേശത്ത് വെടിയേറ്റു, എന്നാൽ കേടുപാടുകളില്ലാതെ യുഎഇയിലെ ഫുജൈറയിലേക്ക് യാത്ര തുടർന്നു.
Source link


