പ്രമുഖ കോൺഗ്രസ് നേതാവുമായി കൂടിക്കാഴ്ച നടത്തി വിജയ്, ടിവികെയിൽ ചേരുമെന്ന് അഭ്യൂഹം

ചെന്നൈ: അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ചെയർമാൻ പ്രവീൺ ചക്രവർത്തി ടി.വി.കെ അദ്ധ്യക്ഷൻ വിജയ്‌യുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തി. ചെന്നൈയിൽ വിജയ്‌യുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ എം.കെ. സ്റ്റാലിനെ കണ്ടതിന് പിന്നാലെയാണ് പ്രവീണിന്റെ കൂടിക്കാഴ്ച . പ്രവീണിന്റെ നീക്കം ഡി.എം.കെയുമായുള്ള സഖ്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കും എന്നാണ് തമിഴ്നാട് പി.സി.സിയുടെ വിലയിരുത്തൽ. ഇവർ ഇക്കാര്യം എ.ഐ.സി,സിയെ അറിയിക്കും.
മൂന്നുദിവസം മുമ്പ് വിജയ്‌യെ പ്രശംസിച്ച് പ്രവീൺ എക്സിൽ പോസ്റ്റിട്ടിരുന്നു. 2023ൽ ശശി തരൂർ എ.ഐ.പി.സി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് പ്രവീൺ ചുമതലയേറ്റെടുത്തത്. കോൺഗ്രസിന്റെ ഡാറ്റ അനലിറ്റിക്സ് വിഭാഗത്തിന്റെ ചെയർമാൻ കൂടിയാണ് പ്രവീൺ.
കഴിഞ്ഞ മാസം അവസാനം മുൻ എ.ഐ.ഡി.എം.കെ നേതാവും മുൻ മന്ത്രിയുമായ കെ.എ, സെങ്കോട്ടയ്യൻ ടി.വി.കെയിൽ ചേർന്നിരുന്നു. 50 വർഷത്തെ എ.ഐ.എ.ഡി.എം.കെ ബന്ധം ഉപേക്ഷിച്ച്, ഗോപിചെട്ടിപ്പാളയം എം.എൽ.എ സ്ഥാനം രാജി വച്ചാണ് അദ്ദേഹം ടി.വി.കെയിൽ ചേർന്നത്. കഴിഞ്ഞ ദിവസം സെങ്കോട്ടയ്യൻ കോണഗ്രസ് നേതാവും മുൻമന്ത്രിയുമായ തിരുനാവക്കരശരെ കണ്ടതും അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. ഈറോഡിൽ ഒരു വിവാഹ സത്കാരത്തിനിടെയാണ് സെങ്കോട്ടയ്യൻ തിരുനാവക്കരശരെ കണ്ടത്. സെങ്കോട്ടയ്യൻ അദ്ദേഹത്തെ ടി.വി.കെയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇക്കാര്യം നിഷേധിച്ച തിരുനാവക്കരശർ തങ്ങൾ രാഷ്ട്രീയമൊന്നും ചർച്ച ചെയ്തിട്ടില്ലെന്നാണ് വെളിപ്പെടുത്തിയത്.
Source link



