‘പെണ്ണ് പിടിച്ചിട്ടോ കള്ള് കുടിച്ചിട്ടോ അല്ല എനിക്ക് അങ്ങനെ സംഭവിച്ചത്, കൂടുതൽ പറഞ്ഞാൽ ചവിട്ടി പുറത്താക്കുമോയെന്നും അറിയില്ല’

നടൻ ഹരീഷ് കണാരൻ നിർമാതാവ് എൻ എം ബാദുഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ദിവസങ്ങൾക്കുമുന്നേ ഉന്നയിച്ചത്. ബാദുഷ തന്റെ കൈയിൽ നിന്ന് കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ തന്നിട്ടില്ലെന്നാണ് ഹരീഷ് പറഞ്ഞത്. താരസംഘടനയായ അമ്മയിൽ പരാതി നൽകിയതോടെ സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും നടൻ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഹരീഷ്, നിർമാതാവുമായുള്ള പ്രശ്നത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലൂടെയായിരുന്നു വെളിപ്പെടുത്തലുകൾ.
‘നാല് വർഷത്തിനുമുൻപാണ് ഞാൻ പണം കൊടുത്തത്. ആ സമയത്ത് എന്റെ വീടുപണി നടക്കുകയായിരുന്നു. അങ്ങനെ ഞാൻ അദ്ദേഹത്തോട് കടം കൊടുത്ത പണം തിരികെ ചോദിച്ചുവെന്നതും സത്യമാണ്. ഇനി എന്തെങ്കിലും കൂടുതലായി പറഞ്ഞാൽ സിനിമയിൽ നിന്ന് മുഴുവനായി ചവിട്ടി പുറത്താക്കുമോയെന്നും അറിയില്ല. ഓരോ കാര്യങ്ങൾ തുറന്നുപറയുമ്പോൾ വീട്ടുകാർക്ക് വലിയ പേടിയാണ്. ഈ സംഭവം പുറത്തായപ്പോൾ പലരും വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. എന്റെ അതേ അനുഭവം ഉണ്ടായവരുണ്ട്. ഞാൻ കടം കൊടുത്ത ഒരാളും എനിക്ക് തിരിച്ചുതന്നിട്ടില്ല. ഒരാൾ ബുദ്ധിമുട്ട് പറയുമ്പോൾ പണം കൊടുത്തുപോകും.
അദ്ദേഹവുമായി അത്രയും അടുത്ത് നിൽക്കുന്ന സമയമായിരുന്നു. അങ്ങനെയാണ് പണം കൊടുത്തത്. ഞാൻ മാത്രമല്ല നടൻ ധർമ്മജനും പണം അയച്ചുകൊടുത്തിരുന്നു. ഞാൻ അയാളുടെ വീട്ടിലും അയാൾ എന്റെ വീട്ടിലും കുടുംബമായി വന്നിട്ടുണ്ട്. നമുക്ക് സിനിമയിൽ നിന്ന് കിട്ടുന്ന പണം വെറുതെ കിട്ടുന്നതല്ല. കഷ്ടപ്പെട്ടിട്ടാണ് കിട്ടിയത്. ഞാൻ പെയിന്റിംഗിന്റെ ജോലിക്കും, ഓട്ടോറിക്ഷ ഓടിക്കാനും കൽപ്പണിക്കുമൊക്കെ പോയിട്ടുണ്ട്. പിന്നെയാണ് സിനിമയിലെത്തിയത്. സംവിധായകൻ രാജേഷ് നായർ എന്നോട് ഒരുകാര്യം പറഞ്ഞിട്ടുണ്ട്. ഞാൻ പെണ്ണ് പിടിച്ചിട്ടോ കള്ള് കുടിച്ചിട്ടോ സിനിമയിൽ നിന്ന് ഔട്ട് ആയി പോയ വ്യക്തിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ വിഷയം എന്താണെന്ന അദ്ദേഹത്തിന് കൃത്യമായി അറിയാം’-ഹരീഷ് കണാരൻ പറഞ്ഞു.
Source link



