LATEST

പുതിയ തൊഴില്‍ കോഡുകള്‍ പിന്‍വലിക്കണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി

കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത നാല് പുതിയ തൊഴില്‍ കോഡുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവന്‍കുട്ടി കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ നിലവിലുള്ള 29 തൊഴില്‍ നിയമങ്ങളെ ലയിപ്പിച്ച് നടപ്പിലാക്കുന്ന പുതിയ കോഡുകള്‍ക്കെതിരെയാണ് മന്ത്രി ശക്തമായ വിയോജിപ്പ് അറിയിച്ചത്.

തൊഴില്‍ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെങ്കിലും, നിലവിലെ തൊഴില്‍ കോഡുകള്‍ തൊഴിലാളികളുടെ അവകാശങ്ങളെയും ക്ഷേമത്തെയും സാമൂഹിക നീതി എന്ന അടിസ്ഥാന തത്വത്തെയും അട്ടിമറിക്കുന്നതാണെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. തൊഴില്‍ സുരക്ഷ, കൂട്ടായ വിലപേശലിനുള്ള അവകാശം, സുരക്ഷിതമായ തൊഴില്‍ സാഹചര്യം എന്നിവയില്‍ വെള്ളം ചേര്‍ക്കുന്നതാണ് പുതിയ പരിഷ്‌കാരങ്ങളെന്ന് കേന്ദ്ര ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമാണ് ‘തൊഴില്‍’. എന്നിട്ടും സംസ്ഥാന സര്‍ക്കാരുകളുമായോ കേന്ദ്ര ട്രേഡ് യൂണിയനുകളുമായോ കൃത്യമായ കൂടിയാലോചനകള്‍ നടത്താതെയാണ് കേന്ദ്രം ഈ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി വി. ശിവന്‍കുട്ടി കത്തില്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായ ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നത് രാജ്യത്തെ തൊഴില്‍ സമാധാനം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ.

ഈ സാഹചര്യത്തില്‍, നിലവിലെ രൂപത്തില്‍ തൊഴില്‍ കോഡുകള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം. സംസ്ഥാന സര്‍ക്കാരുകളെയും തൊഴിലാളി സംഘടനകളെയും ബന്ധപ്പെട്ട മറ്റ് കക്ഷികളെയും ഉള്‍പ്പെടുത്തി സുതാര്യവും വിശാലവുമായ ചര്‍ച്ചകള്‍ക്ക് തുടക്കമിടണമെന്നും, ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് മാത്രമേ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാവൂ എന്നും മന്ത്രി വി. ശിവന്‍കുട്ടി കത്തില്‍ ആവശ്യപ്പെട്ടു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button