പഞ്ചമിമുക്കിൽ ഇനി പഞ്ചമി മുത്തശ്ശിയില്ല

ഓച്ചിറ: ജീവിതത്തിൽ ഒന്നുമല്ലാതിരുന്ന കുട്ടിക്കാലം, റോഡരുകിൽ പേപ്പർ വിരിച്ച് പച്ചക്കപ്പലണ്ടി എണ്ണിവച്ച് വില്പന നടത്തി കിട്ടിയിരുന്നത് ചില്ലറ നാണയത്തുട്ടുകൾ. കുടുംബം നോക്കാൻ പത്തുവയസുകാരി പഞ്ചമിയുടെ പെടാപ്പാടു കണ്ട് നാട്ടുകാർ ആ സ്ഥലത്തിനൊരു പേരിട്ടു. പഞ്ചമി മുക്ക്. കഴിഞ്ഞ ദിവസം തൊണ്ണൂറ്റിയാറാം വയസിൽ ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും കരുനാഗപ്പള്ളി കുലശേഖരപുരം പഞ്ചായത്തിൽ വവ്വാക്കാവിന് കിഴക്കുള്ള
‘പഞ്ചമിമുക്ക് എന്നെന്നും ആ മുത്തശ്ശിക്കു സ്വന്തം.
പത്താം വയസിൽ പഞ്ചമിയുടെ ജീവിതം മാറ്റിമറിച്ചത് അമ്മയുടെ മരണമാണ്.
അച്ഛൻ മറ്റൊരു വിവാഹം കഴിച്ചതോടെ ഇളയ രണ്ട് സഹോദരങ്ങളുടെ സംരക്ഷണം കുഞ്ഞു പഞ്ചമിക്കായി.
നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് അയൽപക്കത്തെ വീടുകളിൽ ചെറിയ ജോലികൾ ചെയ്തു.
പിന്നീട് വീടിനോട് ചേർന്ന് റോഡരികിൽ, തോടുകളയാത്ത പച്ചക്കപ്പലണ്ടി എണ്ണി വിറ്റുതുടങ്ങി. തഴപ്പായ നെയ്ത്തും പഠിച്ചു. ഓട്ടപ്പാച്ചിലിനിടെ വിവാഹത്തെപ്പറ്റി മറന്നു.
വിവാഹം കഴിച്ച സഹോദരന്മാർ കുടുംബമായി മാറിയെങ്കിലും പഞ്ചമിഅമ്മ ഓലപ്പുരയിൽ തനിച്ചായി. വീടിന്റെ ശോച്യാവസ്ഥ കണ്ട് സൗത്ത് ഇന്ത്യൻ കൺസ്ട്രക്ഷൻ ഉടമ വിനോദ് നാല് വർഷം മുമ്പ് ചെറിയ വീട് നിർമ്മിച്ച് നൽകി. പായ നെയ്ത്തും വാർദ്ധക്യ പെൻഷനും നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായവും തുണയായി. അവശതകൾക്കിടയിലും രണ്ടുദിവസം മുമ്പുവരെ പഞ്ചമിമുക്കിൽ നിറചിരിയോടെ എത്തിയിരുന്നു. തീരെ അവശയായതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.
വിയോഗം അറിയിച്ചത് ഇമാം
കടത്തൂർ ജുമാ മസ്ജിദിലെ മൈക്കിലൂടെ ഇമാം അറിയിക്കുമ്പോഴാണ് പഞ്ചമിഅമ്മയുടെ വിയോഗം നാട്ടുകാർ അറിയുന്നത്.
നിമിഷങ്ങൾക്കകം വവ്വാക്കാവ് കടത്തൂർ മീനത്ത് കിഴക്കേതിൽ വീട്ടിലേക്ക് നാടൊന്നാകെയെത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെ ഓച്ചിറ പരബ്രഹ്മ ആശുപത്രിയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഏറ്റവും ഇളയ സഹോരന്റെ ചെറുമക്കൾ ചിതയ്ക്ക് തീകൊളുത്തി. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഡി.അരുൺകുമാറിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും നടത്തി.
Source link


