LATEST
പച്ചമരുന്ന് ശേഖരിക്കുന്നതിനിടെ കരടി ആക്രമിച്ചു; ആദിവാസി യുവാവിന് പരിക്ക്

മലപ്പുറം: നിലമ്പൂരിൽ കരടി ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. കരുളായി വള്ളിക്കെട്ട് നഗറിലെ കീരനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. നെടുങ്കയം വനമേഖലയിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കരടി കീരനെ ആക്രമിക്കുകയായിരുന്നു.
കീരന്റെ തുടയ്‌ക്കാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കീരന്റെ ഭാര്യ ഇന്ദിര, സഹോദരി ബാലാമണി എന്നിവർ സമീപത്തുണ്ടായിരുന്നു. കീരന്റെ കരച്ചിൽ കേട്ട് ഇവർ ഓടിയെത്തിയതോടെ കരടി പിടിവിട്ട് കാട്ടിലേക്ക് ഓടിമറഞ്ഞു. കീരനെ ഉടൻതന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് നിലമ്പൂർ മേഖലയിൽ നിന്ന് വന്യജീവി ആക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്.
Source link

