കഴുത്തിലും കൈയിലും അണിയുന്നത് നാല് കോടിയുടെ സ്വർണം, നാട്ടിൽ അറിയപ്പെടുന്നത് ‘ഗോൾഡ് മാൻ’

ജയ്പൂർ: ശരീരത്തിൽ എപ്പോഴും കിലോകണക്കിന് സ്വർണം അണിഞ്ഞുനടക്കുന്ന ആളുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിൽ രാജസ്ഥാനിലെ ചിത്തോർഗഢിൽ നിന്നുള്ള ഒരു വ്യവസായിയാണ് കൻഹയ്യാലാൽ. ദിവസേന മൂന്നര കിലോയുടെ സ്വർണാഭരണങ്ങൾ ധരിച്ച് പുറത്തിറങ്ങുന്ന ഇയാളെ നാട്ടുകാർ വിളിക്കുന്നത് ‘ഗോൾഡ് മാൻ’ എന്നാണ്.
സാധാരണമായ ചുറ്റുപാടുകളിൽ നിന്ന് തുടങ്ങിയ വലിയ സമ്പത്ത് നേടിയവരുടെ കഥ എന്നും കൗതുകമുണർത്തുന്നവയാണ്. കൻഹയ്യാലാൽ ഖട്ടിക്കിന്റെ ജീവിതവും വ്യത്യസ്തമല്ല. ഏകദേശം 25 വർഷം മുമ്പ് തെരുവോരത്ത് അദ്ദേഹം തള്ളുവണ്ടിയിൽ പഴങ്ങളും പച്ചക്കറികളും വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. സ്വർണം അണിയുന്നതിൽ ചെറുപ്പം മുതലേ ഖട്ടിക്കിന് വലിയ ഇഷ്ടമുണ്ടായിരുന്നു. ഒരിക്കൽ ഒരു സുഹൃത്ത് 20 ഗ്രാം സ്വർണമാല ധരിക്കാൻ കൊടുത്തതാണ് സ്വർണാഭരണങ്ങളോടുള്ള അദ്ദേഹത്തിന്റെ ഭ്രമത്തിന് തിരികൊളുത്തിയത്.
പിന്നീട് കശ്മീരിൽ നിന്ന് ആപ്പിൾ ഇറക്കുമതി ചെയ്ത് ചിത്തോർഗഢിൽ വിൽക്കാൻ തുടങ്ങി വൻ വിജയമായതോടെയാണ് തന്റെ ഇഷ്ടത്തിനനുസരിച്ച് സ്വർണം വാങ്ങിക്കൂട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞത്. എന്നാൽ അടുത്തിടെ ‘ഗോൾഡ് മാൻ’ വാർത്തകളിൽ നിറഞ്ഞത് മറ്റൊരു കാരണത്താലാണ്.
കിലോക്കണക്കിന് സ്വർണം അണിഞ്ഞുള്ള പൊതുജീവിതം ഖട്ടിക്കിനെ ചില അനാവശ്യ ശ്രദ്ധയിലേക്കും നയിച്ചു. 50 കാരനായ ഖട്ടിക്കിന് അടുത്തിടെയാണ് രോഹിത് ഗോദാരയുടെ സംഘത്തിൽ നിന്നാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഭീഷണിയുണ്ടായത്. ഒരു അജ്ഞാത നമ്പറിൽ നിന്ന് വന്ന മിസ്ഡ് വാട്സ്ആപ്പ് കോളിന് പിന്നാലെ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള വാട്ട്സ്ആപ്പ് കോളും ഓഡിയോ സന്ദേശവും ലഭിച്ചിരുന്നു.
‘എനിക്ക് അഞ്ച് കോടി തരുക, അല്ലെങ്കിൽ നിനക്ക് ഈ സ്വർണം ഇനി ധരിക്കാൻ കഴിയില്ല. ഇരുപക്ഷത്തിനും സമ്മതമാകുന്ന കാര്യം ചെയ്യുക, അല്ലെങ്കിൽ നിനക്കിനി സ്വർണം ധരിക്കാൻ കഴിയാത്ത രീതിയിൽ ഒതുക്കും.” ഭീഷണിയെത്തുടർന്ന് കൻഹയ്യാലാൽ ഖട്ടിക് സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് ഖട്ടിക് മാലകളും മോതിരങ്ങളും മറ്റ് ആഭരണങ്ങളുമായി ഏകദേശം മൂന്നര കിലോ സ്വർണം ദിവസവും അണിയുന്നു. ഇപ്പോഴത്തെ നിരക്കനുസരിച്ച് (24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് ഏകദേശം 1.29 ലക്ഷം രൂപ) ഏകദേശം 4.1 കോടി രൂപയുടെ സ്വർണമാണ് അദ്ദേഹം ഒരു ദിവസം ധരിക്കുന്നത്. ഇത്രയും സ്വർണം ധരിക്കുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി ഖട്ടിക് അംഗരക്ഷകരെ വച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, GOLDMAN, JAIPUR, RAJASTHAN, THREATEN, LATESTNEWS
Source link

