test del 3
ദേശീയപാതയ്ക്കായി ആലപ്പുഴയിൽ പൊളിക്കുന്ന ഏറ്റവും വലിയ കെട്ടിടം: ഒരു കോടിരൂപ നഷ്ടപരിഹാരം; നങ്ങ്യാർകുളങ്ങരയിലെ ഫ്ലാറ്റ് പൊളിച്ചുതുടങ്ങി

ആലപ്പുഴ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു നങ്ങ്യാർകുളങ്ങരയിലെ ഫ്ലാറ്റ് സമുച്ചയം പൊളിച്ചുതുടങ്ങി. ദേശീയപാത നിർമാണത്തിനായി ജില്ലയിൽ പൊളിക്കുന്ന ഏറ്റവും വലിയ കെട്ടിടമാണിത്. ഫ്ലാറ്റിലെ രണ്ടു ബ്ലോക്കുകളിലായി താമസിച്ചിരുന്ന 18 കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകിയ ശേഷമാണു പൊളിക്കലിലേക്കു കടന്നത്. പൊതുസ്ഥലത്തിന്റെ നഷ്ടപരിഹാരം നൽകാനുമുണ്ട്. ദേശീയപാതയ്ക്കായി ഏറ്റെടുക്കേണ്ട ഭാഗത്തു ഫ്ലാറ്റിലെ ഒരു ബ്ലോക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടത്തെ താമസക്കാർക്കു ഫ്ലാറ്റിന്റെ മൂല്യവും നഷ്ടപരിഹാരവും ഉൾപ്പെടെ ഒരു കോടിയോളം രൂപ വീതം നൽകി.ഫ്ലാറ്റ് മുഴുവനായും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഇവർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് ഈ ഭാഗവും ഏറ്റെടുത്തത്. എന്നാൽ താമസക്കാർക്കു ഫ്ലാറ്റിന്റെ മൂല്യം മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഫ്ലാറ്റിലെ പൊതുസ്ഥലത്തിന്റെ അവകാശം സംബന്ധിച്ചു താമസക്കാർ തമ്മിൽ തർക്കമുണ്ടെന്നും അതു പരിഹരിച്ച് ആർബിട്രേറ്റർ നിശ്ചയിക്കുന്ന തുക നൽകുമെന്നും ദേശീയപാത ഭൂമിയേറ്റെടുക്കൽ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പൊതുസ്ഥലത്തും കുറച്ചു ഭാഗത്തിനു മാത്രമാകും നഷ്ടപരിഹാരം അനുവദിക്കുക. ഇതിനകം 15 കോടിയോളം രൂപ ഫ്ലാറ്റിലെ താമസക്കാർക്കു നൽകി. നങ്ങ്യാർകുളങ്ങര ജംക്‌ഷനിൽ 35 മീറ്റർ നീളമുള്ള സ്പാനുകളോടു കൂടിയ ഉയരപ്പാത നിർമാണത്തിനായി തൂണുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഫ്ലാറ്റ് ഏറ്റെടുത്തു പൊളിക്കാത്തതിനാൽ ആ ഭാഗത്തു നിർമാണം നടന്നിരുന്നില്ല. ഒരു മാസത്തിനകം ഫ്ലാറ്റ് പൂർണമായി പൊളിച്ചുനീക്കാനാണ് ഉദ്ദേശിക്കുന്നത്.
Source link


