CINEMA

മൊബൈൽ ടവർ കേന്ദ്രീകരിച്ചും പരിശോധന; ചിറ്റൂരിൽ നിന്ന് കാണാതായ ആറുവയസുകാരനായുള്ള തിരച്ചിൽ ഇന്നും തുടരും

പാലക്കാട്: ചിറ്റൂരിൽ ഇന്നലെ കാണാതായ ആറുവയസുകാരൻസുഹാനായുള്ള തിരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കും. ഇന്നലെ രാത്രി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടത്തിവരുന്നുണ്ട്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് പിതാവ് അനസ് വിദേശത്തുനിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അതെന്നും എന്നാൽ കുറച്ചുനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തിരച്ചിൽ നടത്തിയതെന്നുമാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത്.

റോയൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയായ സുഹാന് അപസ്മാരത്തിന്റെ അസുഖം ഉള്ളതായാണ് സൂചന. ഏറെനേരം ചുറ്റുപാടുകളിൽ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഫയർഫോഴ്സ് സ്‌കൂബ ടീം എത്തി പരിസരത്തെ കുളത്തിലും മറ്റും രാത്രിവരെ തിരച്ചിൽ നടത്തുകയായിരുന്നു. പാലക്കാട് നിന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും രാത്രി എട്ട് മണിവരെയും ഒരു സൂചനയും ലഭിച്ചില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാത്രി വൈകിയും സ്ഥലത്തുണ്ടായിരുന്നു. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്കൂളിലെ അദ്ധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു. കണ്ടുകിട്ടുന്നവർ ചിറ്റൂർ പൊലീസ് സ്റ്റേഷനുമായി 91887 22338 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.


Source link

Related Articles

Back to top button