വിദേശത്തെ തെരുവിൽ പരസ്യമായി മൂത്രം ഒഴിച്ച് യുവാവ്; വീഡിയോ വൈറൽ, ഇന്ത്യക്കാരനെന്ന് പരിഹസിച്ച് കമന്റ് ബോക്സ്

കാൻബറ: ഇന്ത്യയിൽ നിന്നും വളരെ വ്യത്യസ്തമാണ് വിദേശരാജ്യങ്ങളിലെ നിയമങ്ങളെന്ന് നമുക്കറിയാം നമ്മുടെ രാജ്യത്ത് പല നിയമങ്ങളും നിലവിലുണ്ടെങ്കിലും അവ പാലിക്കപ്പെടാറില്ലെന്നതാണ് സത്യം. എന്നാൽ വിദേശരാജ്യങ്ങളിൽ അവ മറികടന്നാൽ വലിയ പിഴയും ശിക്ഷയും ലഭിക്കാറുണ്ട്. അതിലൊന്നാണ് പൊതുസ്ഥലങ്ങളിൽ നാം പാലിക്കേണ്ട ചില മര്യാദകൾ. പൊതുസ്ഥലങ്ങളിൽ പരസ്യമായി മൂത്രം ഒഴിക്കുന്നത് നമ്മുടെ നാട്ടിൽ പതിവാണെങ്കിലും വിദേശ രാജ്യങ്ങളിൽ അങ്ങനെയല്ല. എന്നാൽ ഓസ്ട്രേലിയയിലെ ഒരു തെരുവിൽ പരസ്യമായി മൂത്രം ഒഴിക്കുന്ന യുവാവിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
ഓസ്ട്രേലിയയിലെ അഡലെയ്ഡിലെ ഒരു റെസിഡൻഷ്യൽ സ്ട്രീറ്റിന് അരികിലാണ് യുവാവ് മൂത്രം ഒഴിച്ചത്. പാരാ ഹിൽസ് പ്രദേശത്തുകൂടി വാഹനമോടിച്ചുപോയ മറ്റൊരു വ്യക്തിയാണ് യുവാവ് മൂത്രം ഒഴിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. യുവാവിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്തപ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ താൻ ചെയ്തത് സാധാരണയൊരു കാര്യമാണെന്ന തരത്തിലായിരുന്നു അയാളുടെ പ്രതികരണമെന്നും വീഡിയോ പങ്കുവച്ച വ്യക്തി പറയുന്നു. ഇത്തരം പെരുമാറ്റങ്ങൾ സാധാരണമായി മാറിയോ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
എന്നാൽ പൊതുസ്ഥലത്ത് മൂത്രം ഒഴിച്ച ആ യുവാവ് ഒരു ഇന്ത്യക്കാരനാണെന്നാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ പരിഹസിക്കപ്പെടുന്നത്. യുവാവ് ഏത് രാജ്യക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യക്കാർ പൊതുസ്ഥലത്ത് മൂത്രം ഒഴിക്കുന്നവരാണെന്ന പൊതുധാരണയിൽ നിന്നാണ് അത്തരത്തിലുള്ള കമന്റുകൾ ഉണ്ടാകുന്നതെന്ന് മറ്റു ചിലർ വിലയിരുത്തുന്നു. പൊതുസ്ഥലത്ത് മൂത്രം ഒഴിച്ചതിന് യുവാവിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല.
Source link



