LATEST

ശരീരം കാണിച്ച ലക്ഷണങ്ങള്‍ സ്‌ട്രെസെന്ന് കരുതി അവഗണിച്ചു, 38കാരന് രോഗം സ്ഥിരീകരിച്ചു

ദിവസേനയുള്ള ജീവിതത്തില്‍ ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യമാണുള്ളത്. തൊഴില്‍ മേഖലയില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും ജീവിതത്തില്‍ വിജയം കൈവരിക്കാനും ലക്ഷ്യങ്ങള്‍ ഓരോന്നായി നേടിയെടുക്കാനും ആരോഗ്യം അതിപ്രധാനമാണ്. കൃത്യമായ ജീവിതശൈലിയും സമയത്തിനുള്ള പരിശോധനകളുമാണ് അതിമാരക രോഗങ്ങളില്‍ നിന്നുള്ള തിരിച്ചുവരവിന് അത്യാവശ്യം. പല അസുഖങ്ങളുടേയും ലക്ഷണങ്ങള്‍ കാലേക്കൂട്ടി നമ്മുടെ ശരീരം കാണിച്ചുതരാറുണ്ട്. ഇത് അവഗണിക്കുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തുകയും ചെയ്യും.

ഇപ്പോഴിതാ ചില ലക്ഷണങ്ങളുണ്ടായിട്ടും അതിനെ അവഗണിച്ച 38കാരനായ അദ്ധ്യാപകന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യമാണ് ദേശീയ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നിട്ടും അദ്ധ്യാപകനായ ദിവ്യാംശു അത് സ്‌ട്രെസായിരിക്കുമെന്ന് കരുതി അവഗണിക്കുകയായിരുന്നു. എന്നാല്‍ ഒടുവില്‍ അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിക്കുകയായിരുന്നു. സാധാരണഗതിയില്‍ പ്രായം 50നോട് അടുക്കുമ്പോഴാണ് പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ അദ്ധ്യാപകന്റെ കാര്യത്തില്‍ ഇത് 38ാം വയസ്സില്‍ ആണ്.

ഒരിക്കല്‍ ക്ലാസിലേക്ക് പോകുമ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും തണുപ്പ് കാരണമാകുമെന്നാണ് ദിവ്യാംശു കരുതിയത്. കൈയക്ഷരം ചെറുതായി പോകുകയും ശരീരത്തിന് വേദന അനുഭവപ്പെടുകയും ചെയ്തുവെങ്കിലും ഇത് ജോലിഭാരവും സ്‌ട്രെസും കാരണമാകുമെന്നാണ് അദ്ദേഹം കരുതിയത്. ക്രമേണ ചലന ശേഷി നഷ്ടപ്പെട്ടതോടെയാണ് അദ്ദേഹം ആശുപത്രിയില്‍ എത്തി ഡോക്ടറെ കാണാന്‍ തയ്യാറായത്. പരിശോധനയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

‘അദ്ദേഹം ഇത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍, ഇത്തരം കേസുകള്‍ ഇപ്പോള്‍ അപൂര്‍വമല്ല. ചെറുപ്പക്കാരായ ഇന്ത്യക്കാരില്‍ പാര്‍ക്കിന്‍സണ്‍സ് കൂടുതലായി കണ്ടുവരുന്നുണ്ട്. പലരും രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളെ മാനസിക സമ്മര്‍ദ്ദമായി തെറ്റിദ്ധരിക്കുന്നു. ഇത് രോഗനിര്‍ണയം വൈകുന്നതിന് കാരണമാകും’, അദ്ധ്യാപകനെ ചികിത്സിച്ച ഡോ. സഞ്ജയ് പാണ്ഡെ പറഞ്ഞു.

നേരത്തെ ചികിത്സ ആരംഭിച്ചത് ദിവ്യാംശുവിനെ സംബന്ധിച്ച് നിര്‍ണായകമായതായി ഡോക്ടര്‍ പറയുന്നു. പിന്നീട്, കൃത്യമായ മരുന്നും ഫിസിയോതെറാപ്പിയും അദ്ദേഹത്തിന് നല്‍കി. ‘ഡീപ്-ബ്രെയിന്‍ സ്റ്റിമുലേഷന്‍’ എന്ന ശസ്ത്രക്രിയയ്ക്കും വിധേയമാക്കി. മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ ശരീരത്തിന്റെ മുറുക്കം അയഞ്ഞതായും ചലനം നേരെയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button