LATEST

സൂപ്പർ ലീഗ് കേരള ഫുട്ബാൾ : കൊച്ചിയെ തകർത്ത് മലപ്പുറം സെമിയിൽ

മലപ്പുറം: രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം നാല് ഗോളുകൾ തിരിച്ചടിച്ച് മലപ്പുറം എഫ്.സി സെമിയിലെത്തി. സെമിയിലെത്താൻ സമനില മതിയെന്നിരിക്കെ തോൽവിയിലേക്ക് പോകുമെന്ന് തോന്നിച്ചിടത്തു നിന്നാണ് എം.എഫ്.സിയുടെ സൂപ്പർ കംബാക്ക്. കെന്നഡി എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾ നേടിയപ്പോൾ നാലാം ഗോൾ ഇഷാൻ പണ്ഡിത നേടി. കൊച്ചിക്ക് വേണ്ടി അബിത്ത്, റൊമാരിയോ എന്നിവരാണ് ഗോളുകൾ നേടിയത്.

ഡിസംബർ ഏഴിന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ തൃശൂർ മാജിക്കാണ് എം.എഫ്.സിയുടെ എതിരാളികൾ.

സ്‌ട്രൈക്കർ ജോൺ കെന്നഡിയുടെ ഒറ്റയാൾ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും പന്ത് പുറത്തേക്കാണ് പോയത്. തൊട്ടടുത്ത നിമിഷം കൊച്ചി താരം അബിത്ത് എടുത്ത കിക്ക് ഡിഫൻഡർ ഇർഷാദിന്റെ കാലിൽ തട്ടി അപ്രതീക്ഷിതമായി ഗോളായി മാറി. പൊസിഷൻ മാറി നിന്നിരുന്ന കീപ്പർ ജെസീന് പന്ത് തടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇർഷാദ് നൽകിയ ക്രോസിൽ കെന്നഡി തല വച്ചെങ്കിലും പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. 26-ാം മിനിറ്റിൽ മലപ്പുറത്തിന്റെ പ്രതിരോധ പിഴവിൽ നിന്നും കൊച്ചി രണ്ടാം ഗോളും നേടി. തൊട്ടടുത്ത നിമിഷം തന്നെ ഫസ്ലുവിന്റെ അസിസ്റ്റിൽ കെന്നഡി ഒരു ഗോൾ മടക്കി. മലപ്പുറത്തിന്റെ തുടർച്ചയായ അക്രമണങ്ങൾ ലക്ഷ്യം കണ്ട നിമിഷമായിരുന്നു അത്. 38ാം മിനിറ്റിൽ പരിക്കിനെ തുടർന്ന് പുറത്ത് പോയ റിഷാദിന് പകരം അഭിജിത് കളത്തിലിറങ്ങി. ആദ്യ പകുതിയുടെ അധിക സമയത്ത് ജോൺ കെന്നഡിയിലൂടെ മലപ്പുറം രണ്ടാം ഗോളും നേടി മത്സരം സമനിലയിലേക്കെത്തിച്ചു.

കെന്നഡിയുടെ മനോഹരമായ ഹാട്രിക്ക് ഗോളോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. 67-ാം മിനിറ്റിൽ കെന്നഡിക്ക് പകരം റോയ് കൃഷ്ണയും എൽഫോർസിക്ക് പകരം ഫകുണ്ടോയും മൈതാനത്തിലിറങ്ങി. 88-ാം മിനിറ്റിൽ ഇഷാൻ പണ്ഡിതയിലൂടെ നാലാം ഗോളും നേടി മലപ്പുറം തിരിച്ചുവരവ് പൂർണ്ണമാക്കി.

സെമി ഫിക്സ്ചർ

ഒന്നാം സെമി

തൃശൂർ മാജിക് Vs മലപ്പുറം

ഡിസംബർ 7 , തൃശൂർ

രണ്ടാം സെമി

കണ്ണൂർ വാരിയേഴ്സ് Vs കാലിക്കറ്റ് എഫ്.സി

ഡിസംബർ 10, കോഴിക്കോട്


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button