ഉഷ്ണതരംഗ മുന്നറിയിപ്പ്; ഈ ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെന്ററുകളിലെയും ക്ലാസുകൾ നിരോധിച്ചു

പത്തനംതിട്ട: ജില്ലയിലെ ഉഷ്ണതരംഗ സാദ്ധ്യത പരിഗണിച്ച് എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെന്ററുകളിലെയും വേനൽക്കാല, അവധിക്കാല ക്ലാസുകൾ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ച് ജില്ലാ കളക്ടർ. ഓൺലൈൻ ക്ലാസുകൾക്ക് ഇത് ബാധകമല്ലെന്നും കളക്ടർ അറിയിച്ചു. പത്തനംതിട്ടയിൽ ഇന്നുമുതൽ ഏപ്രിൽ 24വരെ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചൂട് ഉയരുന്നതിനാൽ പത്തനംതിട്ടയിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ചൂട് വർദ്ധിക്കുകയാണ്. കേരളത്തിൽ ഇന്ന് മുതൽ ഏപ്രിൽ 24വരെ താപനില പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 സെൽഷ്യസ് വരെയും ഉയരാനിടയുണ്ട്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 സെൽഷ്യസ് വരെയും ഉയരാൻ (സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഇന്ന് മുതൽ ഏപ്രിൽ 24 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടി.
Source link


