LATEST

‘ഈ പ്രവണത ഇന്ത്യയിലെ ബാങ്കുകളെ അപകടത്തിലാക്കും’, നിര്‍മല സീതാരാമന് കത്തയച്ചു

ന്യൂഡല്‍ഹി : വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് ഇന്ത്യന്‍ ബാങ്കുകളെ സംരക്ഷിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ധനകാര്യമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. ബാങ്കിംഗ് മേഖലയിലെ എഫ്ഡിഐ അംഗീകാര ചട്ടക്കൂടിന്റെ അവലോകനം നടത്തണമെന്നും കാത്തലിക്ക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍ക്ക് സേവനവ്യവസ്ഥകളുടെ സംരക്ഷണത്തോടൊപ്പം നിയമാനുസൃതമായ ബിപിഎസ്-ലിങ്ക്ഡ് ശമ്പള പരിഷ്‌കരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ബാങ്കിംഗ് മേഖലയില്‍ വിദേശ നിയന്ത്രണങ്ങള്‍ ഇല്ലാത്തിരുന്നത് കാരണം ഇന്ത്യന്‍ ബാങ്കിംഗ് സംരക്ഷിക്കപ്പെട്ടെങ്കിലും, ഈ പ്രതിരോധശേഷി ഇപ്പോള്‍ അപകടത്തിലാണ്. കാത്തലിക്ക് സിറിയന്‍ ബാങ്കിന് പുറമെ ലക്ഷ്മി വിലാസ് ബാങ്ക്, യെസ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, തുടങ്ങിയ ബാങ്കുകളില്‍ ഇപ്പോള്‍ പൂര്‍ണമായോ ഭാഗികമായോ വിദേശ നിക്ഷേപങ്ങളുണ്ട്.

കാനഡ ആസ്ഥാനമായ ഫെയര്‍ഫാക്‌സ് ഗ്രൂപ്പ് കാത്തലിക് സിറിയന്‍ ബാങ്ക് ഏറ്റെടുത്തത് മുതലുള്ള, വിദേശസ്ഥാപനങ്ങളുടെ ബാങ്കിംഗ് മേഖലയിലേക്കുള്ള കടന്നുകയറ്റം ഇന്ത്യയുടെ ബാങ്കിംഗ് നയത്തിലെ അപകടകരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നതും ബാങ്കിംഗ് മേഖലയുടെ വിദേശവല്‍ക്കരണ പ്രവണതയെ പ്രതിഫലിപ്പിക്കുന്നതുമാണ്. ഇത് ബാങ്ക് ദേശസാല്‍ക്കരണ മനോഭാവത്തെ മാറ്റിമറിക്കുന്നതാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കത്തില്‍ മുന്നറിയിപ്പ് നല്‍കി.

ചെറുകിട വായ്പക്കാര്‍ക്കും, കര്‍ഷകര്‍ക്കും, സംരംഭകര്‍ക്കും സേവനം നല്‍കിയിരുന്ന ഒരു ജനകീയ ബാങ്കായിരുന്ന സിഎസ്ബി ഇപ്പോള്‍ കാര്‍ഷിക, വിദ്യാഭ്യാസ, ഭവന, ചെറുകിട ബിസിനസ് വായ്പകള്‍ ഗണ്യമായി കുറച്ചിരിക്കുകയാണ്. അതേസമയം, കോര്‍പ്പറേറ്റ് മേഖലയിലേക്കുള്ള വായ്പാ പരിധി ബാങ്ക് വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. സേവിംഗ്‌സ് അക്കൗണ്ട് തുറക്കാന്‍ 10,000 രൂപ പ്രാരംഭ നിക്ഷേപം വേണമെന്ന് ബാങ്ക് നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ബ്രിട്ടാസ് കത്തില്‍ ചൂണ്ടിക്കാട്ടി.

2015 ല്‍ ഉണ്ടായിരുന്ന 2,906 സ്ഥിരം ജീവനക്കാരെ ഇപ്പോള്‍ 906 ആയി കുറച്ച ബാങ്ക് കരാര്‍ നിയമനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഒമ്പത് വര്‍ഷത്തിനിടയില്‍ ഒരു സ്ഥിരം നിയമനം പോലും സി എസ് ബിയില്‍ നടന്നിട്ടില്ല. വിദേശ നിയന്ത്രണത്തിന് കീഴിലായതിനുശേഷം, ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 60 ല്‍ നിന്ന് 58 ആയി കുറയ്ക്കുകയും ചെയ്തു. ദേശീയ സാമ്പത്തിക സ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമായ നിക്ഷേപം സ്വീകരിക്കുന്ന ബാങ്കുകളില്‍ വിദേശ സ്ഥാപനങ്ങള്‍ നിയന്ത്രണം നേടുന്നത് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഡോ. ബ്രിട്ടാസ് ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button