NATIIONAL
‘ഇതു ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുന്നു’; പുരാനെ ‘പോക്കറ്റിൽ’ ആക്കി രവീന്ദ്ര ജഡേജ– വിഡിയോ

ലക്നൗ∙ ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ നേടിയ ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരം ഭാര്യ റിവാബയ്ക്കു സമർപ്പിച്ച് രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. രണ്ടു വർഷത്തിനു ശേഷമാണ് ഐപിഎലിൽ ജഡേജ മത്സരത്തിലെ താരമാകുന്നത്. ലക്‌നൗവിനെതിരായ മത്സരത്തിന്റെ തലേദിവസം, ടീമിനായി താൻ വിജയം കൊണ്ടുവരുമെന്ന് ഭാര്യ പ്രവചനം നടത്തിയിരുന്നതായി പുരസ്കാരം ഏറ്റുവാങ്ങിയക്കൊണ്ട് ജഡേജ പറഞ്ഞു. ബിജെപി നേതാവായ റിവാബ, ഗുജറാത്ത് സർക്കാരിൽ വിദ്യാഭ്യാസമന്ത്രിയാണ്.മത്സരത്തിൽ, ലക്നൗ താരം നിക്കൊളാസ് പുരാന്റെ വിക്കറ്റു വീഴ്ത്തിയ ശേഷം ജഡേജ നടത്തിയ ആഘോഷപ്രകടനവും ശ്രദ്ധനേടി. വിക്കറ്റു നേടിയതിനു പിന്നാലെ ജഴ്സിയുടെ പോക്കറ്റിലേക്ക് കൈ ഇട്ടായിരുന്നു ജഡേജയുടെ ആഘോഷം. ഇതിനെക്കുറിച്ചു താരം മത്സരശേഷം പറഞ്ഞു. ‘‘അതെ, അദ്ദേഹം എന്റെ പോക്കറ്റിലുണ്ട് (ചിരിക്കുന്നു). ഒന്നുമില്ല, വെറുതെ യാദൃശ്ചികമായി എന്റെ മനസ്സിൽ ഒരു ചിന്ത വന്നു, ഞാൻ അത് ചെയ്തു.’’ആ നിമിഷത്തെക്കുറിച്ച് ജഡേജ പറഞ്ഞു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗവിന് തുടക്കത്തിൽ തന്നെ ഓപ്പണർ ആയുഷ് ബദോനിയെയും (0) ക്യാപ്റ്റൻ ഋഷഭ് പന്തിനെയും (0) നഷ്ടമായി. വൈകാതെ എയ്ഡൻ മാർക്രവും (0) വീണതോടെ ലക്നൗ പതറി. നാലാം വിക്കറ്റിൽ 43 റൺസ് ചേർത്ത മിച്ചൽ മാർഷ് (41 പന്തിൽ 55)– നിക്കൊളാസ് പുരാൻ (25 പന്തിൽ 22) സഖ്യം ലക്നൗവിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും പുരാനെ ജഡേജയും മാർഷിനെ നാന്ദ്രെ ബർഗറും വീഴ്ത്തിയതോടെ ലക്നൗ തോൽവി സമ്മതിച്ചു. രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചർ മൂന്നും നാന്ദ്രെ ബർഗർ, ബ്രിജേഷ് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
Source link


