LATEST

യുഡിഎഫിനും എൽഡിഎഫിനും തിരിച്ചടി,​ പ്രമുഖ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രധാന സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളിയത് യു.ഡി.എഫിനും എൽ.ഡി.എഫിനും തിരിച്ചടിയായി. എറണാകുളത്ത് യു.ഡി.എഫിന്റെ ജില്ലാ പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജിന്റെ പത്രികയും വയനാട്ടിൽ കല്പറ്റ നഗരസഭാ ചെയർമാനായി പരിഗണിച്ചിരുന്ന ടി.വി. രവീന്ദ്രന്റെ പത്രികയുമാണ് തള്ളിയത്. പാലക്കാട് നഗരസഭയിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയത്.

എറണാകുളത്ത് കടമക്കുടി ഡിവിഷനിൽ നിന്നാണ് എൽസി ജോർജ് മത്സരിക്കാനിരുന്നത്. നാമനിർദ്ദേശ പത്രികയിൽ പിന്തുണച്ചത് ഡിവിഷന് പുറത്തു നിന്നുള്ളവരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് നടന്ന സൂക്ഷ്മ പരിശോധനയിൽ പത്രിക തള്ളിയത്. ഇവിടെ യു.ഡി.എഫിന് ഡമ്മി സ്ഥാനാർത്ഥി പോലും ഇല്ല. പത്രിക തള്ളിയതിനെതിരെ അപ്പീൽ പോകാനാണ് യു.ഡി,​എഫ് തീരുമാനിച്ചിരിക്കുന്നത്.

കല്പറ്റയിൽ നഗരസഭാ സെക്രട്ടറി ആയിരിക്കെ ഉണ്ടായ ബാദ്ധ്യത തീർക്കാത്തത് കാരണമാണ് ‌‌ടി.വി. രവീന്ദ്രന്റെ പത്രിക തള്ളിയത്. മുനിസിപ്പൽ സെക്രട്ടറിയായിരിക്കെ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിന് നഗരസഭാ ഫണ്ടിൽ നിന്ന് ചെലവഴിച്ച തുക തിരിച്ചടയ്ക്കാൻ നിർദ്ദേശമുണ്ടായിരുന്നു കുറച്ച് പണം തിരിച്ചടച്ചെങ്കിലും ബാദ്ധ്യത പൂർണമായും തീർത്ത സർട്ടിഫിക്കറ്റ് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം അദ്ദേഹം വച്ചിരുന്നില്ല. ഡമ്മിയായി പത്രിക നൽകിയ സി.എസ്. പ്രഭാകരൻ ആകും പകരം ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയാവുക.

പാലക്കാട് നഗരസഭയിൽ രണ്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പത്രികകളാണ് തള്ളിയത്. നഗരസഭാ വാർ‌ 50 കർണ്ണകി നഗർ വെസ്റ്റ്,​ 51 വടക്കന്തറ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികയാണ് തള്ളിയത്. മുൻവർഷത്തെ തിരഞ്ഞെടുപ്പ് കണക്ക് സമർപ്പിക്കാത്തതിനെ തുടർന്നാണ് ഈ രണ്ട് വാർഡുകളിലെയും സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button