test del 2

അഫ്ഗാനിസ്താനിലെ സർവകലാശാലയ്ക്ക് നേർക്ക് പാകിസ്താന്റെ ആക്രമണം; ഏഴുപേർ കൊല്ലപ്പെട്ടു


കാബുൾ: അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ പാകിസ്താൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഏഴു മരണം. 75-ഓളം പേർക്ക് പരിക്കേറ്റതായും ബിബിസി റിപ്പോർട്ട് ചെയ്തു. കുനാർ പ്രവിശ്യയിലെ അസദാബാദ് മേഖലയിലുള്ള സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി സർവകലാശാലയ്ക്കു നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. പരിക്കേറ്റവരിൽ സർവകലാശാലയിലെ വിദ്യാർഥികളും ഒരു പ്രൊഫസറും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ 30 പേർ സർവകലാശാലാ വിദ്യാർഥികളാണെന്ന് താലിബാൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.ആക്രമണത്തെത്തുടർന്ന് സർവകലാശാലാ കെട്ടിടങ്ങൾക്കും പരിസര പ്രദേശങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി അഫ്ഗാനിസ്ഥാൻ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ, ഇക്കാര്യം പാകിസ്താൻ വാർത്താവിനിമയ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിൽ അതിർത്തി സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് കാബൂളിലെ ഒരു മയക്കുമരുന്ന് വിമുക്ത കേന്ദ്രത്തിന് നേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 269 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ തീവ്രവാദ താവളങ്ങളെയാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നാണ് പാകിസ്താൻ മുൻപ് വ്യക്തമാക്കിയിട്ടുള്ളത്. ഏപ്രിൽ ആദ്യത്തിൽ ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളെത്തുടർന്ന് നിലവിൽ വന്നിരുന്ന താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെയാണ് പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.പാകിസ്താൻ നടത്തിയ ഈ പ്രകോപനപരമായ വ്യോമാക്രമണം അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള ലംഘനമാണെന്ന് താലിബാൻ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെക്കുന്നത് ഒരു അധിനിവേശ നടപടിയാണെന്നും ഇത് മേഖലയുടെ സമാധാനം തകർക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.


Source link

Back to top button