ശബരിമല ആചാരം തെറ്റെന്ന് പറയാനാവില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ദശലക്ഷകണക്കിന് ഭക്തരുടെ വിശ്വാസവും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും തെറ്രാണെന്ന് പറയാൻ കഴിയില്ലെന്ന്, ശബരിമല യുവതീപ്രവേശന വിഷയത്തിൽ വാദം കേൾക്കവെ സുപ്രീംകോടതി വ്യക്തമാക്കി.സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഇല്ലാതാക്കാനും കഴിയില്ല. ഭക്തരുടെ വികാരം മനസിലാക്കാതെ ആചാരത്തിൽ തീരുമാനമെടുക്കാൻ കോടതിക്ക് എങ്ങനെ കഴിയുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ 9 അംഗ ഭരണഘടനാബെഞ്ച് ചോദിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാദം കേൾക്കുകയായിരുന്നു വിശാലബെഞ്ച്. ശബരിമലയിലെയും ഗുരുവായൂരിലെയും നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ചോദ്യം ചെയ്യാൻ പൊതുതാത്പര്യഹർജിയിലൂടെ കഴിയില്ലെന്ന് ബോർഡിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി വാദിച്ചു. വിശ്വാസികളെ കേൾക്കാതെ കോടതിക്ക് തീരുമാനമെടുക്കാനുമാകില്ല. ശബരിമലയിൽ മാത്രമാണ് വിലക്കുള്ളത്. മറ്റു അയ്യപ്പക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ട്. ശബരിമലയിലെ ദേവന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവമാണ് നിയന്ത്രണത്തിന് കാരണമെന്നും ബോർഡ് ചൂണ്ടിക്കാട്ടി. വിശ്വാസികൾ അല്ലാത്തവർ സമർപ്പിക്കുന്ന ഹർജികൾ തള്ളേണ്ടതാണെന്ന് ബെഞ്ചിലെ ഏക വനിത ജഡ്ജി ബി.വി. നാഗരത്ന പറഞ്ഞു. വിഷയത്തിൽ ഇന്ന് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചേക്കും.
Source link


