test del 5 copy of del 3
വെള്ളച്ചാലിൽ വീണ് അഞ്ചു വയസ്സുകാരന്റെ മരണം: കിഴക്കമ്പലത്ത് രാഷ്ട്രീയ പോര്, പ്രതിഷേധവുമായി പ്രതിപക്ഷം

കൊച്ചി ∙ ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരൻ വെള്ളച്ചാലിൽ വീണു മരിക്കാനിടയായ സംഭവത്തിൽ കിഴക്കമ്പലം പഞ്ചായത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. സംഭവത്തിൽ ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പാർക്കിന്റെ പ്രവർത്തനത്തിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും പൂർണ ഉത്തരവാദിത്തം സെക്രട്ടറിക്കാണെന്നും പ്രസിഡന്റ് ജിൻസി അജി ആവർത്തിച്ചു. അതേസമയം, സ്ഥാപന ഉടമകൾ പാർക്കിന്റെ ലൈസൻസിനായി അപേക്ഷിച്ചിട്ടില്ലെന്നും വാർഡിൽ നടക്കുന്ന കാര്യങ്ങൾ പഞ്ചായത്തംഗം അറിയിച്ചിട്ടില്ലെന്നും സെക്രട്ടറി ടി.അജി പറഞ്ഞു.ലൈസൻസില്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിൽ പഞ്ചായത്ത് സെക്രട്ടറി ടി.അജിക്കെതിരെ നടപടി എടുക്കാൻ ശുപാർശ ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു. പാർക്ക് വിഷയം ചർച്ച ചെയ്യാൻ ഇന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് സെക്രട്ടറിക്കെതിരെ പ്രസിഡന്റ് വീണ്ടും രംഗത്തെത്തിയത്. ലൈസൻസ് നൽകേണ്ടത് സെക്രട്ടറിയുടെ ചുമതലയാണെന്നും ഇതിൽ ഭരണസമിതിക്ക് പങ്കില്ലെന്നുമാണ് പ്രസിഡന്റിന്റെ വാദം. എന്നാൽ പാർക്ക് ഉടമകൾ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നില്ലെന്നും ആകെയുള്ളത് ഒരു വിവരാവകാശ രേഖ മാത്രമാണെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. അതേസമയം, ലൈസൻസില്ലാതെ വിനോദസഞ്ചാര കേന്ദ്രം പ്രവർത്തിച്ചിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കാത്തത് വൻ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷം ഇന്ന് പഞ്ചായത്തിനു മുമ്പാകെ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തു. ഭരണസമിതി രാജി വെക്കണമെന്നും പ്രസിഡന്റിനെ അറസ്റ്റു ചെയ്യണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വരും ദിവസങ്ങളിലും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പഞ്ചായത്ത് ഭരിക്കുന്നത് ട്വന്റി 20 പാർട്ടിയും പ്രതിപക്ഷത്ത് കോൺഗ്രസും സിപിഎമ്മുമാണ്.
Source link


