LATEST
വീണ്ടും സ്‌ട്രോംഗ് റൂം വിവാദം; ഗുരുവായൂരിൽ സിസിടിവി പ്രവർത്തനരഹിതമായതായി പരാതി

തൃശൂർ: ഗുരുവായൂർ മണ്ഡലത്തിലെ സ്‌ട്രോംഗ് റൂമിൽ സ്ഥാപിച്ചിരുന്ന സിസിടിവി പ്രവർത്തനരഹിതമായതായി പരാതി. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളേജിലെ സിസിടിവി ക്യാമറകളാണ് പ്രവർത്തനരഹിതമായത്. ഇന്നലെ വൈകിട്ട് 4.30 മുതൽ 5.30വരെ സിസിടിവി പ്രവർത്തനരഹിതമായെന്നാണ് പരാതി ഉയരുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഗുരുവായൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് റഷീദാണ് പരാതി നൽകിയത്. ചിറ്റൂരിലും സമാനമായ ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച ചിറ്റൂർ മണ്ഡലത്തിലെ സ്‌ട്രോംഗ് റൂമിന് പുറത്തുള്ള സിസിടിവി പ്രവർത്തിച്ചില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ ആരോപിച്ചു. പുലർച്ചെ 12.30 മുതൽ സിസിടിവി പ്രവർത്തനരഹിതമായെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമം നടന്നതായാണ് ആരോപണം.
Source link


