test del 4 copy of del 3
മുണ്ടക്കൈ–ചൂരൽമല സർക്കാർ ടൗൺഷിപ്: 178 വീടുകളിൽ ശുദ്ധജലവും വൈദ്യുതിയുമെത്തി

കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ പട്ടയം കൈമാറിയ 178 വീടുകളിൽ ശുദ്ധജലവും വൈദ്യുതിയുമായി. ശുദ്ധജല വിതരണത്തിനായി 4–ാം സോണിൽ ഒരുക്കിയ 9.5 ലക്ഷം ലീറ്റർ ശേഷിയുള്ള സംഭരണി കഴിഞ്ഞദിവസം കമ്മിഷൻ ചെയ്തു. നിർമാണം പൂർത്തിയായ വീടുകളിലെ കുടിവെള്ള ടാങ്കുകളിൽ കഴിഞ്ഞ ദിവസം വെള്ളം നിറച്ചു. വീടുകളിൽ ശുദ്ധജല വിതരണം ആരംഭിച്ചു. 315 കിലോവാട്ടിന്റെ 2 ട്രാൻസ്ഫോമറുകൾ സ്ഥാപിച്ച് 11 കെവി ലൈൻ ഭൂഗർഭ വിതരണ ശൃംഖലയിലേക്ക് എത്തിച്ച് വൈദ്യുതി ഉറപ്പുവരുത്തി. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിയുടെയും സർക്കാർ ഏജൻസിയായ കിഫ്കോണിന്റെ എൻജിനീയർമാരുടെയും നേതൃത്വത്തിലാണ് അവസാന ഘട്ട പരിശോധന. അടുത്ത ദിവസങ്ങളിൽ ഗുണഭോക്താക്കളെ വിളിച്ച് എൻജിനീയർമാരുടെ സാന്നിധ്യത്തിൽ ഒടുവിലത്തെ ഗുണമേന്മ പരിശോധന നടത്തും. ഇതിനു ശേഷമായിരിക്കും വീടുകൾ കൈമാറുക. നിർമാണം പൂർത്തിയായ വീടുകളിലെ ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടി നിർത്തിയുള്ള 2 തവണത്തെ പോണ്ടിങ് ടെസ്റ്റ് ഉൾപ്പെടെയാണു പൂർത്തിയാക്കിയിട്ടുണ്ട്. ഗൃഹോപകരണങ്ങൾ വാങ്ങാൻ സർക്കാർ ഒരുലക്ഷം അനുവദിച്ചു ടൗൺഷിപ് പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വീടുകളിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങൾ വാങ്ങാൻ സർക്കാർ ഒരുലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. സർക്കാർ നേരിട്ട് ഗൃഹോപകരണം വാങ്ങി നൽകുന്നതിനു പകരം ആവശ്യമായവ വാങ്ങി ബില്ല് സമർപ്പിച്ചാൽ തുക കൈമാറുന്നതാണ് രീതി. ഗുണഭോക്താക്കളുടെ ആഗ്രഹത്തിനനുസരിച്ച് ഒരുലക്ഷം രൂപയ്ക്ക് ഗൃഹോപകരണങ്ങൾ വാങ്ങാം. ദുരന്തബാധിതരെ ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു വാടക വീടുകളിലേക്കും സർക്കാർ ക്വാർടേഴ്സുകളിലേക്കും പുനരധിവസിപ്പിച്ചപ്പോഴും സർക്കാർ ഗൃഹോപകരണങ്ങൾ നൽകിയിരുന്നു.
Source link


