LATEST

മലപ്പുറത്ത് പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് യുവാവിന്റെ അഭ്യാസപ്രകടനം, കടിയേറ്റത് നിരവധിതവണ


മലപ്പുറം: പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ടുനടന്ന യുവാവിന് നിരവധിതവണ കടിയേറ്റു. മലപ്പുറം ഒതായി ടൗണിൽ കഴിഞ്ഞദിവസമായിരുന്നു അന്യസംസ്ഥാനക്കാരനായ യുവാവിന്റെ സാഹസിക പ്രകടനം. മഞ്ചേരി മെഡിക്കൽകോളേജിൽ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകുന്നേരമാണ് പാന്റും ടീഷർട്ടും ധരിച്ച യുവാവ് ടൗണിൽ ചായകുടിക്കാനെത്തിയത്. ഇടയ്ക്കിടെ ഇയാൾ പാന്റിന്റെ പോക്കറ്റിൽ കയ്യിടുകയും പെട്ടെന്ന് പുറത്തേക്ക് വലിച്ചെടുത്ത് കുടയുകയും ചെയ്യുന്നുണ്ടായിരുന്നു. ആദ്യമൊക്കെ ആരും ഇത് ശ്രദ്ധിച്ചില്ല. അല്പം കഴിഞ്ഞപ്പോഴാണ് യുവാവിന്റെ പോക്കറ്റിൽ പാമ്പുളള കാര്യം നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിൽപ്പെടുന്നത്. അവർ ചോദ്യംചെയ്തപ്പോൾ അയാൾ അത് സമ്മതിക്കുകയും ചെയ്തു. ഇതിനിടെ യുവാവിന് ഒന്നുരണ്ടുതവണ കടിയേൽക്കുകയും കടിയേറ്റ പാടുകൾ അയാൾ കാട്ടിക്കൊടുക്കുകയും ചെയ്തു. പോക്കറ്റിൽനിന്ന് പാമ്പിനെ പുറത്തെടുക്കണമെന്ന് സമീപത്തുണ്ടായിരുന്നവർ ആവശ്യപ്പെട്ടതോടെ അയാൾ അത് അനുസരിച്ചു. മൃതപ്രായമായ അവസ്ഥയിലായിരുന്നു ഈ സമയം പാമ്പ്. നാട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അയാൾ പാമ്പിനെ ഉപേക്ഷിച്ചു. അല്പം കഴിഞ്ഞതോടെ അത് ചത്തു. പാമ്പിനെ ഒരു കവറിലാക്കിയശേഷം നാട്ടുകാർ തന്നെ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്ന് മഞ്ചേരി മെഡിക്കൽകോളേജിലേക്ക് റഫർ ചെയ്തു.


Source link

Back to top button