പ്രതിപക്ഷ നേതാവെത്തി, ‘വനവാസം’ ഉദ്ഘാടനത്തിന്

പീരുമേട്: യു.ഡി.എഫിന് തിളക്കമാർന്ന വിജയമില്ലെങ്കിൽ രാഷ്ട്രീയവനവാസത്തിന് പോകുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ‘വനവാസത്തിൽ’. വാഗമണ്ണിലെ ‘വനവാസം’ റിസോർട്ട് ഉദ്ഘാടനം ചെയ്യാനാണ് എത്തിയത്. വാഗമണ്ണിൽ മുൻ വനം മന്ത്രി കെ.പി വിശ്വനാഥന്റെ സഹോദരി പുത്രന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. പത്തരയോടെ എത്തി ഉദ്ഘാടനം നിർവഹിച്ചശേഷം വാൽപ്പാറ വാഹനാപകടത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിക്കാനായി മലപ്പുറത്തേക്ക് പോയി. പീരുമേട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സിറിയക് തോമസും ഉദ്ഘാടനവേളയിൽ ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി വാഗമൺ ഉളുപ്പൂണിയിൽ താമസിച്ച ശേഷമാണ് ഉദ്ഘാടനത്തിന് എത്തിയത്. ഭാര്യ ലക്ഷ്മിപ്രിയ, മകൾ എസ്. ഉണ്ണിമായ, ബാല്യകാല സുഹൃത്ത് രഞ്ജിത്ത് തമ്പി, അദ്ദേഹത്തിന്റെ ഭാര്യ സുമജോർജ് എന്നിവർ 13ന് രാവിലെയാണ് കുട്ടിക്കാനം കാറ്റാടി റിസോർട്ടിൽ എത്തിയത്. പരുന്തുംപാറ മലനിരകളിലൂടെ ഇളംകാറ്റും തണുപ്പും ആസ്വദിച്ച് ട്രക്കിംഗും നടത്തി. സ്വകാര്യയാത്ര ആയതിനാൽ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. തിരഞ്ഞെടുപ്പ് തിരക്കുകൾക്കുശേഷം കുടുംബത്തോടൊപ്പം കുട്ടിക്കാനത്തും പരുന്തുംപാറയിലും അവധിദിനങ്ങൾ ചിലവഴിക്കാനെത്തിയപ്പോഴുള്ള പ്രതിപക്ഷനേതാവിന്റെ ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ‘വനത്തിലാണ്, വനവാസത്തിനല്ല കട്ടായം’ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പ്രചരിച്ചിരുന്നത്.
Source link


