കണ്ണൂരിൽ കിണർ കുഴിക്കുന്നതിനിടെ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: സൂര്യാതപമേറ്റ് യുവാവ് മരിച്ചു. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37) ആണ് മരിച്ചത്. പള്ളിപ്പൊയിൽ ഇന്നലെ ഉച്ചയ്‌ക്ക് കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് സൂര്യാതപമേറ്റത്. കുഴഞ്ഞുവീണ സനൽ കുമാറിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. മരണകാരണം സൂര്യാതപമേറ്റതാണെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അസ്വാഭാവിക മരണത്തിന് ചക്കരക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുകയാമ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഉഷ്‌ണതരംഗ സാദ്ധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Source link


