അഹമ്മദാബാദില്‍ ഇത്തവണ ആനന്ദക്കണ്ണീര്, കിവീസിനെ തകര്‍ത്ത് ഇന്ത്യ ലോക ചാമ്പ്യന്മാര്

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യക്ക് കിരീടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്റെ മറുപടി 159 റണ്‍സില്‍ അവസാനിച്ചു. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ മൂന്നാം കിരീടമാണ് ഇത്. 2007ല്‍ എംഎസ് ധോണിയുടെ നേതൃത്വത്തിലും 2024ല്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലും ഇന്ത്യ കിരീടം നേടിയിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് നേടുന്ന ടീം എന്ന റെക്കോഡും ഇന്ത്യ സ്വന്തം പേരിലാക്കി.256 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തിലും ജയിക്കുമെന്ന പ്രതീതിയുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍ ഫിന് അലന് 9(7) ആണ് ആദ്യം പുറത്തായത്. രചിന് രവീന്ദ്ര 1(2), ഗ്ലെന്‍ ഫിലിപ്സ് 5(5) മാര്‍ക് ചാപ്മാന് 3(8) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ കിവീസ് പതറി. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ആക്രമിച്ച് കളിച്ച ടിം സൈഫേര്‍ട്ട് 52(26) അര്‍ദ്ധ സെഞ്ച്വറി കുറിച്ചു. എന്നാല്‍ അഞ്ചാമനായി കിവീസ് വിക്കറ്റ് കീപ്പര്‍ മടങ്ങിയതോടെ തോല്‍വിയും ഉറപ്പിച്ചു.പിന്നീട് ഡാരില്‍ മിച്ചല്‍ 17(11) മിച്ചല്‍ സാന്റ്നര്‍ക്കൊപ്പം അല്‍പ്പനേരം പിടിച്ചുനിന്നെങ്കിലും അക്സറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ കിവീസിന് ഒരു തിരിച്ചുവരവ് അസംഭവ്യമായി മാറുകയായിരുന്നു.
Source link



