test del 2
ഹോർമുസിൽ അടുത്തടുത്തായി നിലയുറപ്പിച്ച് ഇന്ത്യ-പാക് യുദ്ധക്കപ്പലുകൾ; ലക്ഷ്യം ഇതാണ്

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിന് സമീപം വെറും 18 നോട്ടിക്കൽ മൈൽ (33 കി.മീ) അകലത്തിൽ നിലയുറപ്പിച്ച് ഇന്ത്യയുടെയും പാകിസ്താന്റെയും നാവികസേനാ കപ്പലുകൾ. ഒമാൻ തീരത്താണ് ഈ അപൂർവ സംഭവം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ തങ്ങളുടെ ചരക്ക് കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാനാണ് ഇരു രാജ്യങ്ങളുടെയും കപ്പലുകൾ ഒരേ മേഖലയിൽ നിലയുറപ്പിച്ചത്. ദി ഇന്റൽ ലാബുമായി ബന്ധപ്പെട്ട ഓപ്പൺ സോഴ്സ് ഇന്റലിജൻസ് അനലിസ്റ്റ് ഡാമിയൻ സൈമൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഇന്ത്യയിലേക്കുള്ള എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ എന്നിവ വഹിക്കുന്ന കപ്പലുകൾക്ക് സുരക്ഷ നൽകുന്നതിനായി ഇന്ത്യൻ നാവികസേന ‘ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’ എന്ന ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 28-ലെ യുഎസ്-ഇസ്രയേൽ ആക്രമണത്തിന് ശേഷം ഇറാൻ ഹോർമുസ് കടലിടുക്ക് ഫലത്തിൽ അടച്ചതിനെത്തുടർന്നാണ് ഈ സുരക്ഷാ ദൗത്യം ശക്തമാക്കിയത്. മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ക്രൂഡ് ഓയിൽ, എൽപിജി എന്നിവയുമായി വരുന്ന കപ്പലുകൾക്ക് നാവികസേനയുടെ യുദ്ധക്കപ്പലുകൾ അകമ്പടി സേവിക്കുന്നുണ്ട്. കഴിഞ്ഞ മാസം, ഏകദേശം 92,000 ടൺ പാചക വാതകം വഹിച്ച എൽപിജി കാരിയറുകളായ പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നിവയ്ക്ക് നാവികസേന അകമ്പടി സേവിച്ചിരുന്നു. മാർച്ച് 26-നും 27-നും ഇടയിൽ കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തി. മാത്രമല്ല എൽപിജി വഹിച്ചിരുന്ന ശിവാലിക്, നന്ദാദേവി, ജഗ് ലാഡ്കി തുടങ്ങിയ കപ്പലുകളെയും നാവികസേന സുരക്ഷിതമായി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചിരുന്നു.പേർഷ്യൻ ഗൾഫ് മുതൽ അറബിക്കടൽ വരെയുള്ള കപ്പലുകളുടെ സുഗമമായ നീക്കത്തിന് ഇന്ത്യൻ നാവികസേന സഹായം നൽകുന്നുണ്ട്. കടൽമാർഗ്ഗമുള്ള ഊർജ്ജ വിതരണം തടസ്സപ്പെടാതിരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം ഈ പ്രദേശത്തെ അതീവ ജാഗ്രതയെയാണ് സൂചിപ്പിക്കുന്നത്. പരസ്പരമുള്ള ശത്രുത നിലനിൽക്കെത്തന്നെ സമാനമായ ആവശ്യങ്ങൾക്കായി ഇരുസേനകളും ഇത്രയും ചെറിയ അകലത്തിൽ പ്രവർത്തിക്കുന്നത് ഒരു അപൂർവ്വ സംഭവമാണ്.
Source link


