CINEMA

സൺറൈസേഴ്സിനെ ‘അടിച്ചു’ ഒതുക്കി പഞ്ചാബ്; മുല്ലൻപുരിൽ കിംഗ്‌സ് ഷോ


മുല്ലൻപുർ: ഐപിഎൽ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്‌‌സിന് ഉജ്ജ്വല ജയം. ഹൈദരാബാദ് ഉയർത്തിയ 220 റൺസ് എന്ന കൂറ്റൻ ലക്ഷ്യം 7 പന്തുകൾ ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. ഇത് പത്താം തവണയാണ് പഞ്ചാബ് 200ന് മുകളിൽ സ്‌കോർ ചേസ് ചെയ്ത് ജയിക്കുന്നത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ 200+ റൺസ് വിജയകരമായി പിന്തുടർന്ന ടീമെന്ന റെക്കാഡും പഞ്ചാബിന്റെ പേരിലായി.
220 റൺസ് പിന്തുടരാനിറങ്ങിയ പഞ്ചാബിന് സ്വപ്‌നതുല്യമായ തുടക്കമാണ് ഓപ്പണർമാരായ പ്രിയാൻശ് ആര്യയും പ്രഭ്‌സിമ്രൻ സിംഗും നൽകിയത്. പഞ്ചാബ് കിംഗ്‌സിനായി അർദ്ധസെഞ്ചറി നേടി കരുത്തുറ്റ പ്രകടനം കാഴ്ചവച്ച ഓപ്പണർമാരും ക്യാപ്ടനുമാണ് ടീമിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. വെറും 20 പന്തിൽ നിന്ന് 57 റൺസ് അടിച്ചുകൂട്ടിയ പ്രിയാൻശ് ആര്യയുടെ ഇന്നിംഗ്‌സായിരുന്നു ഇതിൽ നിർണായകമായത്. 16 പന്തിൽ അർദ്ധസെഞ്ചറി തികച്ച പ്രിയാൻശ് ഹൈദരാബാദ് ബൗളർമാരെ നിലംപരിശാക്കി. ഒപ്പത്തിനൊപ്പം നിന്ന പ്രഭ്‌സിമ്രൻ 25 പന്തിൽ 51 റൺസ് നേടി മികച്ച പിന്തുണ നൽകി. ഓപ്പണർമാർ നൽകിയ അടിത്തറയിൽ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചത് ക്യാപ്ടൻ ശ്രേയസ് അയ്യരുടെ ബാറ്റിംഗാണ്. 33 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്ന അയ്യർ ടീമിനെ സുരക്ഷിതമായി വിജയതീരത്ത് എത്തിച്ച ശേഷമായിരുന്നു ക്രീസ് വിട്ടത്. ആദ്യ ഓവർ സ്പിന്നർ ഹർഷ് ദുബെയെ ഏൽപ്പിക്കാനുള്ള സൺറൈസേഴ്സ് ക്യാപ്ടൻ ഇഷാൻ കിഷന്റെ തീരുമാനം പാളിയിരുന്നു. ആ ഓവറിൽ 18 റൺസെടുത്ത പ്രിയാൻശ് പഞ്ചാബിന്റെ മൂഡ് സെറ്റ് ചെയ്തു. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 93 റൺസ് എന്ന നിലയിലായിരുന്നു പഞ്ചാബ്. മദ്ധ്യനിരയിൽ കോണോളിയും വധേരയും പെട്ടെന്ന് പുറത്തായെങ്കിലും ശശാങ്ക് സിംഗിനെ (16) കൂട്ടുപിടിച്ച് അയ്യർ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.


Source link

Back to top button