‘സ്വന്തം കാര്യം നോക്കൂ വിദേശത്തെ കൽപ്പനകൾ സ്വീകരിക്കുന്ന ശീലം ഞങ്ങൾക്കില്ല’; ട്രംപിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കമൽഹാസൻ

ചെന്നൈ: പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ആഭ്യന്തര-വ്യാപാര കാര്യങ്ങളിൽ ഇടപെടുന്ന യുഎസ് നടപടിയെ വിമർശിച്ച് നടനും എംപിയുമായ കമൽഹാസൻ. ആഗോള എണ്ണ വിപണിയിലെ പ്രതിസന്ധിയെ തുടർന്ന് റഷ്യൽ നിന്ന് ന്ത്യ എണ്ണവാങ്ങുന്നതിന് അമേരിക്ക 30 ദിവസത്തെ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന് തുറന്ന കത്തുമായി കമൽഹാസൻ രംഗത്തെത്തിയത്. ഇന്ത്യ പരമാധികാര രാഷ്ട്രമാണെന്നും വിദേശ രാജ്യങ്ങളുടെ കൽപ്പനകൾക്ക് വഴങ്ങുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അഭിമാനിയായ ഇന്ത്യൻ പൗരൻ എന്ന നിലയിലാണ് താൻ ഇത് കുറിക്കുന്നതെന്നും കമൽഹാസൻ കത്തിൽ പറഞ്ഞു. ‘ബഹുമാനപ്പെട്ട പ്രസിഡന്റ് അറിയാൻ, ഇന്ത്യക്കാരായ ഞങ്ങൾ സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രത്തിലെ പൗരന്മാരാണ്. വിദൂര വിദേശ തീരങ്ങളിൽ നിന്നുള്ള കൽപ്പനകൾക്ക് വഴങ്ങുന്ന കാലം പണ്ടേ കഴിഞ്ഞുപോയിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ രാജ്യത്തിന്റെ കാര്യങ്ങൾ മാത്രം നോക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനം മാത്രമാണ് ലോകസമാധാനത്തിന് ആധാരമായ ഏക ഘടകം. നിങ്ങളുടെ രാജ്യത്തിലെ ജനങ്ങൾക്ക് സമാധാനവും ഐശ്വര്യവും നേരുന്നു. കമൽഹാസൻ, അഭിമാനിയായ ഇന്ത്യൻ പൗരൻ. സ്ഥാപകൻ, മക്കൾ നീതി മയ്യം.’ കമൽഹാസൻ കുറിച്ചു.
Source link
