സിലിണ്ടർ ക്ഷാമം; ലൊക്കേഷനുകളിൽ ഭക്ഷണവിതരണം തടസപ്പെടുന്നു , 19 സിനിമകൾ പ്രതിസന്ധിയിൽ

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം സിനിമാ ഷൂട്ടിംഗിനെയും ബാധിക്കുന്നു. ലൊക്കേഷനുകളിൽ ഭക്ഷണവിതരണം തടസപ്പെട്ടുതുടങ്ങിയെന്നും സ്ഥിതി തുടർന്നാൽ ചിത്രീകരണങ്ങൾ പൂർണമായും നിർത്തിവയ്‌ക്കേണ്ട സ്ഥിതി വരുമെന്നും ഫെഫ്‌ക വർക്കിംഗ് ജനറൽ സെക്രട്ടറി സോഹൻ സിനുലാൽ പറഞ്ഞു. നിർമ്മാതാക്കൾക്ക് ബാദ്ധ്യതയുണ്ടാകാത്ത വിധത്തിൽ മെനുവിൽ മാറ്റം വരുത്തുന്നതിനും ബദൽ പാചകമാർഗങ്ങൾ തേടുന്നതിനും വേണ്ടിയുള്ള ചർച്ചകൾ സംഘടന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാണിജ്യസിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ‘ഗ്യാസ് സിലിണ്ടറുകളുടെ കടുത്ത ക്ഷാമം സിനിമാ ഷൂട്ടിംഗിനെ സാരമായി ബാധിച്ചുതുടങ്ങി. നിരവധി സിനിമകളാണ് ഇപ്പോൾ ഷൂട്ടിംഗ് നടത്തുന്നത്. ലൊക്കേഷനുകളിൽ ഭക്ഷണവിതരണത്തിൽ തടസം നേരിട്ടുതുടങ്ങി. രണ്ടുദിവസം കൂടി കഴിഞ്ഞാൽ പൂർണമായും ഗ്യാസിന്റെ ലഭ്യത ഇല്ലാതാകുമെന്നാണ് നമ്മുടെ മെസ് ജോലിക്കാർ അറിയിച്ചിട്ടുള്ളത്. ഗ്യാസിന് പകരമായി വിറകടുപ്പ് ഉപയോഗിക്കുന്നത് പല ലൊക്കേഷനുകളിലും പ്രായോഗികമല്ല. പല ഭക്ഷണവും വിറകടുപ്പിൽ ഉണ്ടാക്കാനാകില്ല. പല സ്ഥലത്തും വിറകടുപ്പ് കൂട്ടാൻ പറ്റില്ല. ടൈലിട്ട കെട്ടിടങ്ങളിലും പുക അയൽപ്പക്കങ്ങളിൽ പ്രശ്‌നമുണ്ടാക്കുന്ന സ്ഥലങ്ങളിലും വിറകടുപ്പ് ഉപയോഗിക്കാനാകില്ല. നൂറ്റമ്പതുപേർക്ക് മൂന്നുനേരം ഭക്ഷണം നൽകേണ്ട ലൊക്കേഷനുകളിൽ 24 മണിക്കൂറും അടുപ്പ് എരിയേണ്ടതുണ്ട്. ഈ സാഹചര്യം തുടർന്നാൽ ഷൂട്ടിംഗ് പൂർണമായും നിർത്തേണ്ടി വരും’- സോഹൻ സിനുലാൽ പറഞ്ഞു.
Source link
