NATIIONAL
സിഎസ്‌കെയിൽ ധോണിക്ക് പോലുമില്ലാത്ത നേട്ടം, ഈ ക്ലബിലെ രണ്ടാമൻ; നാലാം സെഞ്ചറിയിലും ‘ഫസ്റ്റ്’ അടിച്ച് സഞ്ജു സാംസൺ

ചെന്നൈ∙ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായുള്ള നാലാം മത്സരത്തിൽ സഞ്ജു സാംസൺ സ്റ്റൈലായി തന്നെ തന്റെ വരവറിയിച്ചു. ആദ്യ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടതിന്റെ ക്ഷീണം പലിശസഹിതം തീർക്കുന്ന ഇന്നിങ്സ്. ഡൽഹി ക്യാപിറ്റൽസനെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങി സെഞ്ചറി നേടിയ താരം 115* റൺസെടുത്ത് പുറത്താകാതെനിന്നു. 56 പന്തുകളിൽനിന്ന് 15 ഫോറുകളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ചെപ്പോക്കിലെ ഈ ‘ചേട്ടൻ’ ഇന്നിങ്സിലൂടെ ഒരുപിടി റെക്കോർഡുകളും താരം സ്വന്തമാക്കി.മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികൾക്കായി സെഞ്ചറി നേടുന്ന രണ്ടാമത്തെ ബാറ്റർ കൂടിയാണ് സാംസൺ. ഡൽഹി ഡെയർഡെവിൾസ് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്), രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകൾക്കായാണ് സഞ്ജുവിന്റെ നേട്ടം. കെ.എൽ.രാഹുലാണ് (പഞ്ചാബ് കിങ്സ്, ലക്നൗ സൂപ്പർ ജയന്റ്‌സ്, ഡൽഹി ക്യാപിറ്റൽസ്) ഈ നേട്ടം കൈവരിച്ച ആദ്യ താരം.ഡൽഹിക്കെതിരായ സെഞ്ചറി ഇന്നിങ്സിനിടെ സഞ്ജു ട്വന്റി20 ക്രിക്കറ്റിൽ 400 സിക്സുകൾ എന്ന നാഴികക്കല്ലും പിന്നിട്ടു. മത്സരത്തിലാകെ നാലു സിക്സറുകൾ പറത്തിയ സഞ്ജുവിന്റെ സിക്സറുകളുടെ എണ്ണം 401 ഒന്നായി. നാനൂറിലധികം സിക്സറുകൾ പറത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. രോഹിത് ശർമ (554), വിരാട് കോലി (440), സൂര്യകുമാർ യാദവ് (421) എന്നിവരാണ് മുന്നിൽ.
Source link


