test del 1

സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പായി ഡോ. പ്രിൻസ്റ്റൺ ബെൻ ചുമതലയേറ്റു

തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ആത്മീയ സാരഥിയായി ഡോ. പ്രിൻസ്റ്റൺ ബെന്നിന്റെ ബിഷപ്പ് സ്ഥാനാരോഹണം നടന്നു. തിരുവനന്തപുരം പാളയം സി.എസ്.ഐ എം.എം. കത്തീഡ്രലിൽ നടന്ന ഭക്തിനിർഭരമായ ശുശ്രൂഷകൾക്കൊടുവിൽ ഏഴാമത് ബിഷപ്പായി അദ്ദേഹം ചുമതലയേറ്റു.

സി.എസ്.ഐ മോഡറേറ്റർ ഡോ. റൂബൻ മാർക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് ശേഷം നടന്ന വിശുദ്ധ കുർബാനയിൽ പുതിയ ബിഷപ്പിന്റെ നേതൃത്വത്തിൽ അപ്പം നുറുക്കൽ ശുശ്രൂഷ നടന്നു.

ഡെപ്യൂട്ടി മോഡറേറ്റർ വി.എസ്. ഫ്രാൻസിസ്, സിനഡ് സെക്രട്ടറി സി. ഫെർണാണ്ടസ് രത്തിന രാജ, ട്രഷറർ പ്രൊഫ. ഡോ. ബി. വിമൽ സുകുമാർ എന്നിവരടക്കം ഇരുപതോളം ബിഷപ്പുമാരും വിവിധ മഹായിടവകകളിൽ നിന്നുള്ള സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു.

കന്യാകുമാരി ബിഷപ്പ് ഡോ. എസ്. ക്രിസ്റ്റഫർ വിജയൻ, കോയമ്പത്തൂർ ബിഷപ്പ് പ്രിൻസ് കാൽവിൻ, മദ്ധ്യകേരള മഹായിടവക ബിഷപ്പ് മലയിൽ സാബു കെ. ചെറിയാൻ തുടങ്ങിയവർ ശുശ്രൂഷകൾക്ക് സഹകാർമ്മികത്വം വഹിച്ചു. ഇടവക സെക്രട്ടറി ടി.ടി. പ്രവീൺ നന്ദി പറഞ്ഞു.

തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ഡോ. പ്രിൻസ്റ്റൺ ബെൻ നിലവിൽ മഹായിടവക വൈസ് ചെയർമാനാണ്.

2024 മേയിൽ ബിഷപ്പ് എ. ധർമ്മരാജ് റസാലം വിരമിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ തിരഞ്ഞെടുപ്പ്.


Source link

Back to top button