LATEST

സാങ്കേതിക തകരാർ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി


ശംഖുംമുഖം (തിരുവനന്തപുരം): സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ബുധനാഴ്ച പുലർച്ചെ 4.56ന് 184 യാത്രക്കാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ട എ.ഐ 830-ാം നമ്പർ വിമാനമാണ് അരമണിക്കൂറിനുള്ളിൽ തിരിച്ചിറക്കിയത്.വിമാനം ടേക്ക് ഒഫ് ചെയ്ത് മിനിറ്റുകൾക്കകം എൻജിൻ രണ്ടിലെ എണ്ണയുടെ അളവ് കുറവാണെന്നും മർദ്ദം പൂജ്യം ലെവലിലാണെന്നുമുള്ള മുന്നറിയിപ്പ് വിമാനത്തിൽ തെളിഞ്ഞു. വിമാനം മുന്നോട്ട് പറത്തുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ പൈലറ്റ് ഉടൻ എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് അടിയന്തര സന്ദേശം കൈമാറി. തുടർന്ന് തിരിച്ചിറക്കാനുള്ള അനുമതി നൽകുകയായിരുന്നു.തകരാറിലായ എൻജിൻ ഓഫ് ചെയ്തശേഷം, ലാൻഡിംഗ് ഭാരം കുറയ്ക്കാൻ ഇന്ധനം കടലിൽ ഒഴുക്കിക്കളഞ്ഞ് 5.30ഓടെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. യാത്രക്കാരെ പുറത്തിറക്കിയശേഷം വിമാനം സാങ്കേതിക പരിശോധനകൾക്കായി മാറ്റി. തകരാർ പരിഹരിച്ച ശേഷം രാവിലെ 10.15ന് യാത്രക്കാരുമായി ഡൽഹിയിലേക്ക് തിരിച്ചു.


Source link

Related Articles

Back to top button