വ്യാപക മോഷണം; 28 പവൻ സ്വർണ്ണം മോഷണം പോയി

കാളികാവ് : കാളികാവ് ചിറ്റയിൽ ആക്കുംപാറിൽ വ്യാപക മോഷണം. മൂന്നു വീടുകളിലാണ് മോഷണത്തിന് ശ്രമിച്ചത്. ആക്കും പാറിലെ കുരിക്കൾ മൂസയുടെ വീട്ടിൽ നിന്ന് 28 പവൻ സ്വർണ്ണം മോഷണം പോയി. മറ്റൊരു വീട്ടിൽ ജനൽ വഴി മോഷണത്തിന് ശ്രമിക്കുകയും വീട്ടുകാരറിഞ്ഞതോടെ കള്ളൻ രക്ഷപ്പെടുകയും ചെയ്തു. ആളില്ലാത്ത മറ്റൊരു വീട്ടിൽ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ കള്ളൻ മുഴുവൻ വസ്തുക്കളും വാരിവലിച്ചിട്ടു. പൂവ്വത്തിക്കൽ അബൂതാഹിറിന്റെ വീടിന്റെ അടുക്കള വാതിൽ തകർത്താണ് മോഷണ ശ്രമം നടത്തിയത്. എന്നാൽ ഇവിടെ നിന്ന് ഒന്നും ലഭിച്ചില്ല. പൂവ്വത്തിക്കൽ കുഞ്ഞാണിയുടെ വീട്ടിൽ ജനൽ പാളി തുറന്നാണ് മോഷണത്തിന് ശ്രമിച്ചത്. ഇന്നലെ പുലർച്ചെ മൂന്നു മണിക്കാണ് സംഭവം. കുരിക്കൾ മൂസയുടെയും വീടിന്റെ വാതിൽ തകർത്താണ് അകത്ത് കയറിയത്. ഇവിടെ അലമാരയിൽ ജ്വല്ലറി ബോക്സിൽ സൂക്ഷിച്ച സ്വർണ്ണമാണ് നഷ്ടമായത്. മൂസയുടെ മരുമകൾ ആബിദയുടെ ആഭരണം മോഷണം പോയി. മോഷണത്തിനിടെ കള്ളന്റെ കാൽ തട്ടി പാത്രത്തിന്റെ ശബ്ദം കേട്ട് ആബിദയുടെ ഭർത്താവ് ഉണർന്നു. ഇതിനിടെ കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു .രാത്രി തന്നെ കാളികാവ് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഉച്ചയോടെ മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി. ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടുവർഷത്തിനിടെ നടന്ന ഒട്ടേറെ മോഷണങ്ങളാണ് മേഖലയിൽ നടന്നിട്ടുള്ളതെങ്കിലും ഒന്നിനും തുമ്പുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം അമ്പലക്കടവിലെ വീട്ടിൽ നിന്ന് 45 പവൻ മോഷണം പോയതിലും കള്ളൻ സുരക്ഷിതനാണ്.
Source link



