വോട്ടിന് നോട്ട് ; ദൃശ്യങ്ങൾ പരിശോധനയ്ക്ക് പൊലീസിന് അയച്ചു, പ്രാഥമിക റിപ്പോർട്ട് ചീഫ് ഇലക്ഷൻ ഓഫീസർക്ക് സമർപ്പിച്ചെന്ന് കളക്ടർ

പാലക്കാട് : പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതിയിൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതായി ജില്ലാ കളക്ടർ എം.എസ്, മാധവിക്കുട്ടി അറിയിച്ചു. ദൃശ്യങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പൊലീസിന് അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കും. പ്രാഥമിക റിപ്പോർട്ട് ചീഫ് ഇലക്ഷൻ ഓഫീസർക്ക് സമർപ്പിച്ചു. പണം ലഭിച്ചില്ലെന്നാണ് വൃദ്ധയുടെ മൊഴി. 11നകം വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ശോഭ സുരേന്ദ്രനോട് സംസാരിച്ചുവെന്നും ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ശോഭ സുരേന്ദ്രൻ ഏപ്രിൽ 8ന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാനൻ പണം വിതരണം ചെയ്തു എന്നാണ് കോൺഗ്രസ് വീഡിയോ പുറത്തുവിട്ട് ആരോപിച്ചത്. മാദ്ധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട സ്ത്രീയുടെ മൊഴി ഫ്ലൈയിംഗ് സ്ക്വാഡ് രേഖപ്പെടുത്തി. തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് അവരുടെ മൊഴി. പ്രധാന സാക്ഷി പണം ലഭിച്ചില്ലെന്ന് പറഞ്ഞെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടറുടെ നിലപാട്. തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പൊലീസിനും റിപ്പോർട്ടിന്റെ പകർപ്പ് ജില്ലാല കളക്ടർ നൽകിയിട്ടുണ്ട്.
Source link


