വെറൈറ്റി വേണമെന്നുണ്ടെങ്കിൽ കറുത്ത ദോശയുണ്ടാക്കാം, കഫേയിൽ വിളമ്പിയ വിഭവം വൈറൽ

ദക്ഷിണേന്ത്യക്കാർക്ക് പ്രിയപ്പെട്ട ആഹാരമാണ് ദോശ. മസാല ദോശ, നെയ്യ് റോസ്റ്റ്, റാഗി ദോശ, ഗോതമ്പ് ദോശ തുടങ്ങി വിവിധതരം ദോശകളുണ്ട്. ഇവയെല്ലാം മിക്കവർക്കും പ്രിയപ്പെട്ടതുമാണ്. എന്നാൽ പുതിയതായി സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡാകുന്ന ഒരു ദോശ കണ്ട് തലയ്ക്ക് കൈവയ്ക്കുകയാണ് ആഹാരപ്രേമികൾ. കറുത്ത നിറത്തിലെ ദോശയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നാഗ്പൂരിലെ യെല്ലോ കഫേ എന്ന കടയിൽ തയ്യാറാക്കിയ ദോശയാണ് വൈറലാവുന്നത്.കറുത്ത നിറത്തിലെ മാവ് കലക്കി കല്ലിൽ ഒഴിച്ച് ദോശ ചുട്ടെടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഒരുവശം വെന്തുവരുമ്പോൾ മറിച്ചിട്ടതിനുശേഷം മസാലക്കറി ദോശയുടെ നടുവിലായി വയ്ക്കുന്നു. ശേഷം രണ്ടായി മടക്കി സാമ്പാറിനും ചമ്മന്തിക്കുമൊപ്പം വിളമ്പുന്നു. വീഡിയോയ്ക്ക് താഴെ കൂടുതലും വിമർശനങ്ങളാണ് നിറയുന്നത്.’ദക്ഷിണേന്ത്യൻ വിഭവത്തെ നശിപ്പിക്കുന്നു, യഥാർത്ഥ വിഭവത്തെ നശിപ്പിക്കാതിരിക്കൂ, കരി മാവിൽ കലക്കിയോ?, ദോശയ്ക്ക് നീതി ലഭിക്കണം’- എന്നിങ്ങനെയുള്ള കമന്റുകളാണ് നിറയുന്നത്. എന്നാൽ കൊങ്കണി വിഭാഗക്കാർക്കിടയിൽ കറുത്ത ദോശ പുതിയ കാര്യമല്ലെന്ന് ഒരു സമൂഹമാദ്ധ്യമ ഉപഭോക്താവ് കുറിച്ചു. വെള്ള ഉഴുന്നിന് പകരം കറുത്ത ഉഴുന്നും അരിയുമാണ് ദോശമാവ് തയ്യാറാക്കാനായി ഉപയോഗിക്കുന്നതെന്നാണ് ഇയാൾ പറയുന്നത്.
Source link



