LATEST

വാടാനപ്പള്ളി കിറ്റ് വിവാദം: പ്രതിഷേധം കനത്തു; ടിഎൻ പ്രതാപൻ അറസ്റ്റിൽ, പ്രദേശത്ത് കേന്ദ്രസേനയും എത്തി


തൃശ്ശൂർ: വാടാനപ്പള്ളിയിൽ ബിജെപി വോട്ടിനായി കിറ്റ് വിതരണം ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം ശക്തമായതോടെ കുത്തിയിരുന്ന് ഉപരോധം തീർത്ത കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ഓരോരുത്തരായി അറസ്റ്റ് ചെയ്യുകയായിരുന്നു. ടി.എൻ. പ്രതാപനെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രവർത്തകർ തടസ്സം നിന്നതോടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വലിയ രീതിയിലുള്ള ഉന്തും തള്ളുമുണ്ടായി. പ്രദേശത്ത് ഏറെ നേരമാണ് സംഘർഷാവസ്ഥ നിലനിന്നത്. തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് വിതരണം ചെയ്യുന്നു എന്നാരോപിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്. സംഭവസ്ഥലത്ത് പ്രതിരോധം തീർക്കാൻ ബിജെപി പ്രവർത്തകരും എത്തിയതോടെ സ്ഥിതിഗതികൾ വഷളായി. സംഘർഷം ഒഴിവാക്കാൻ പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിന് ശേഷവും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടർന്നതോടെയാണ് സ്ഥാനാർത്ഥി അടക്കമുള്ളവരെ പൊലീസ് അറസ്റ്റുചെയ്തത്.


Source link

Back to top button