ലുക്കിലും കളറിലും വെറൈറ്റി; ഇന്ത്യയിലെ ആദ്യ ‘വൈൽഡ് ബെറി’ കൺട്രിമാൻ ഇനി ബേസിലിന് സ്വന്തം

മലയാള സിനിമയിലെ മിന്നും താരം ബേസിൽ ജോസഫിന്റെ ഗാരേജിലേക്ക് മറ്റൊരു അതിഥി കൂടി. സംവിധായകനായും നടനായും തിളങ്ങി നിൽക്കുന്ന ബേസിൽ തന്റെ വാഹനശേഖരത്തിലേക്ക് പുത്തൻ മിനി കൺട്രിമാൻ ഇ- ഇലക്ട്രിക് കാറാണ് സ്വന്തമാക്കിയിരിക്കുന്നത്. വാഹനത്തിന്റെ നിറമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ബേസിൽ തിരഞ്ഞെടുത്ത വൈൽഡ് ബെറി ഷേഡിലുള്ള ഇന്ത്യയിലെ ആദ്യത്തെ കൺട്രിമാൻ ഇലക്ട്രിക് എന്ന സവിശേഷതയും ഈ വാഹനത്തിനുണ്ട്.
കൊച്ചിയിലെ മിനി ഡീലർഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് ബേസിൽ വാഹനം സ്വന്തമാക്കിയത്. ലക്ഷ്വറി വാഹനങ്ങളോട് പ്രിയമുള്ള ബേസിലിന്റെ പക്കൽ വോൾവോ എക്സ്സി -90 പോലുള്ള കരുത്തൻ വാഹനങ്ങളും വണ്ടി ശേഖരത്തിലുണ്ട്.
ബിഎംഡബ്ല്യു ഐഎക്സ്-1 മോഡലിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഈ ഇലക്ട്രിക് വാഹനവും ഒരുക്കിയിരിക്കുന്നത്. ഏകദേശം 54.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. മിനി കൂപ്പറിന്റെ തനതായ ലുക്കിനൊപ്പം ഒക്ടഗണൽ ഗ്രില്ലും പുതിയ ഡിസൈനിലുള്ള ഡിആർഎല്ലുകളും വാഹനത്തിന് സ്പോർട്ടി ലുക്ക് നൽകുന്നു. അകത്ത് 9.5 ഇഞ്ച് വലുപ്പമുള്ള വൃത്താകൃതിയിലുള്ള ഒഎൽഇഡി സ്ക്രീനാണ് പ്രധാന ആകർഷണം. ഡാഷ്ബോർഡിൽ പരമ്പരാഗത ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് പകരം ഹെഡ്അപ്പ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്.
ഒറ്റത്തവണ ചാർജ് ചെയ്താൽ 462 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന 66.45 kWh ബാറ്ററിയാണ് വാഹനത്തിലുള്ളത്. 201 ബിഎച്ച്പി പവറും 250 എൻ.എം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തേകുന്നത്. വെറും 8.6 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കൊച്ചു മിടുക്കന് സാധിക്കും.
Source link


