റാഗിംഗ് നിയമ ഭേദഗതി: മന്ത്രിസഭ ചേരുന്നതിന് പെരുമാറ്റച്ചട്ടത്തിൽ ഇളവ്

കൊച്ചി: ഭേദഗതിചെയ്ത റാഗിംഗ് നിരോധന നിയമത്തിന് മന്ത്രിസഭ ചേർന്ന് അംഗീകാരം നൽകുന്നതിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട പ്രത്യേകബെഞ്ച് നിർദ്ദേശിച്ചു.
റാഗിംഗ് നിരോധന നിയമഭേദഗതിക്ക് അനുമതി നൽകാനായി മന്ത്രിസഭ ചേരുന്നതിന് പെരുമാറ്റച്ചട്ടത്തിൽ ഇളവ് നൽകാനാകുമോ എന്ന് കോടതി നേരത്തെ ആരാഞ്ഞിരുന്നു. ഭേദഗതിനിയമം പാസാക്കേണ്ടതിന്റെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഇളവ് തേടിയത്.
റാഗിംഗ് നിരോധന നിയമഭേദഗതിയുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയായതാണെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മന്ത്രിസഭയുടെ മുന്നിൽവച്ച് അംഗീകാരം നേടാനായില്ല. തുടർന്നാണ് വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.
സമഗ്രമായ റാഗിംഗ് നിരോധനനിയമം വേണമെന്നാവശ്യപ്പെട്ട് കേരള ലീഗൽ സർവീസ് അതോറിട്ടി ഫയൽചെയ്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിഷയം ജൂൺ 10ന് വീണ്ടും പരിഗണിക്കും.
Source link


